Thursday, April 25, 2024
spot_img

മൂന്നാറിലെ കുണ്ടളയിൽ രാത്രി ഉരുൾപൊട്ടി, ആളപായമില്ല; തലനാരിഴക്ക് രക്ഷപെട്ടത് 141 കുടുംബങ്ങളിലെ 450 പേർ; നാട് ഉറക്കത്തിലായിരുന്നപ്പോൾ വന്ന ദുരന്തത്തിൽ മണ്ണിനടിയിലായത് രണ്ട് കടകളും ഒരു ക്ഷേത്രവും

ഇടുക്കി: മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രി ജനവാസ മേഖലക്ക് തൊട്ടടുത്ത് ഉരുൾപൊട്ടൽ. ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തത് വൻ ദുരന്തമൊഴുവാക്കി. താഴെ കുണ്ടള എസ്റ്റേറ്റിലടക്കം 141 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂര്‍ണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എം.എല്‍.എ എ രാജ പറഞ്ഞു. വട്ടവട-മൂന്നാര്‍ റോഡില്‍ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാല്‍ റോഡ് പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നും എം.എല്‍.എ അറിയിച്ചു.

പ്രദേശവാസികൾ എല്ലാവരും നല്ല ഉറക്കസമയത്തായതിനാല്‍ ഉരുള്‍പൊട്ടിയ കാര്യം ആരും അറിഞ്ഞിരുന്നില്ല. രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ട്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റി. കേരളത്തെ നടുക്കിയ പെട്ടിമുടി ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികത്തിലാണ് മൂന്നാറിലെ ഉരുൾപൊട്ടൽ. 2020 ഓഗസ്റ്റ് 6-ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രമാണ് ദുരന്തത്തെ അന്ന് അതിജീവിച്ചത്.

Related Articles

Latest Articles