Tuesday, April 23, 2024
spot_img

കശ്മീരിലെ ഭീകരതയ്ക്ക് അന്ത്യം കുറിക്കാൻ ഇനി നാട്ടുകാരും; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ, പാരിതോഷികം നൽകി ഭരണകൂടം

ശ്രീനഗർ: ജമ്മുകശ്മീരിലെ ഭീകരരെ പിടികൂടാൻ മുന്നിട്ടിറങ്ങി നാട്ടുകാർ. കശ്മീരിനെ തകർക്കാൻ ശ്രമിക്കുന്ന ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചാണ് നാട്ടുകാരും ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കുന്നത്. റിയാസിയിലെ ടുക്‌സാൻ ഗ്രാമവാസികളാണ് ഭീകരരെ പിടികൂടിയത്.

ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ ഫൈസൽ അഹമ്മദ് ധർ, താലിബ് ഹുസ്സൈൻ എന്നിവരാണ് നാട്ടുകാരുടെ പിടിയിലായത്. ഞായറാഴ്ച് രാവിലെയാണ് സംഭവം നടന്നത്. ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പ്രദേശവാസികൾ പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജൗരി ജില്ലയിൽ ഭീകരാക്രമണം നടത്തിയത് താലിബ് ഹുസ്സൈനും സംഘവുമായിരുന്നു. ഇവിടെ നിന്നും ആരുമറിയാതെയാണ് ഇവർ ടുക്‌സാനിൽ എത്തിയത്. ഗ്രാമത്തിൽ വൻ ഭീകരാക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. ഇരുവരും ഭീകരരാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ഇവരെ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.

ഭീകരരെ പിടികൂടിയ പ്രദേശവാസികൾക്ക് ജമ്മു കശ്മീർ പോലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇക്കാര്യം അറിയിച്ചത് ഡിജിപിയാണ്. ഇതിന് പുറമേ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles