Thursday, March 28, 2024
spot_img

ലോകായുക്ത കേരളം കണ്ട ഏറ്റവും വലിയ വെള്ളാന; കർണാടകയിലേക്ക് നോക്കാൻ മുഖ്യനോട് കെ.സുധാകരൻ

തിരുവനന്തപുരം: ലോകായുക്ത കേരളം കണ്ട ഏറ്റവും വലിയ വെള്ളാനയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ലോകായുക്ത വെറും കെട്ടുകാഴ്ചയായി മാറിയെന്നും കെ.സുധാകരൻ വിമർശിച്ചു. സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന ത്രിമൂര്‍ത്തികള്‍ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കി.

മാര്‍ച്ച് 18ന് മുഖ്യമന്ത്രി പ്രതിസ്ഥാനത്തു നിൽക്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസിന്റെ ഹിയറിംഗ് പൂര്‍ത്തിയായിട്ട് ഒരു വർഷമാകുകയാണ്. എന്നാൽ ഇതുവരെയും മുഖ്യമന്ത്രിക്കെതിരെ വിധി പറയാന്‍ ലോകായുക്ത തയാറാകുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് കെ.സുധാകരന്റെ വിമർശനം. ഹിയറിംഗ് പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശമുണ്ട്. എന്നാൽ അതൊന്നും കേരളത്തിലെ ലോകായുക്തയ്ക്ക് ബാധകമല്ലെന്നും സുധാകരൻ ആരോപിച്ചു.

ലോകായുക്തയും ഉപലോകായുക്തയും വാര്‍ഷിക ശമ്പളമായി കൈപ്പറ്റുന്നത് 56.65 ലക്ഷം രൂപയാണ്. ലോകായുക്തയുടെ ഓഫിസിനുവേണ്ടി 4.08 കോടി രൂപയാണ് ചെലവാക്കുന്നത്. ഇപ്പോൾ ഇവയെല്ലാം കേരളം കണ്ട ഏറ്റവും വലിയ വെള്ളാനയായി തീർന്നിരിക്കുകയാണ്. തൊട്ടടുത്ത കര്‍ണാടകത്തിലേക്ക് ഈ വെള്ളാനയും അവരുടെ തലതൊട്ടപ്പനായ മുഖ്യമന്ത്രിയും കണ്ണോടിക്കണം. ലോകായുക്തയുടെ ചിറകരിഞ്ഞ ബില്‍ ദീര്‍ഘകാലമായി ഗവര്‍ണറുടെ മുമ്പിലുണ്ടെങ്കിലും അദ്ദേഹം അതിന്മേൽ അടയിരിക്കുകയാണെന്നും സുധാകരൻ ‌‌‌‌‌വിമർശിച്ചു.

Related Articles

Latest Articles