Saturday, April 20, 2024
spot_img

‘നെഞ്ചിനകത്ത് ലാലേട്ടൻ’! സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി സിനിമാലോകം

വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച മലയാളത്തിന്‍റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 63 -ാം പിറന്നാള്‍. പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം മുന്നോട്ട് പോകുകയാണ്. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിൽ ആശംസകളുമായി എതിരിക്കുകയാണ് സിനിമാലോകവും ആരാധകരും.അർധരാത്രിയിൽ തന്നെ നടൻ മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നു. ഒപ്പം ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.

https://www.facebook.com/photo.php?fbid=813271100162893&set=a.271462881010387&type=3

മോഹന്‍ലാല്‍ – സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം സിനിമയിലെ ഡയലോഗ് പങ്കുവെച്ചാണ് രമേശ് പിഷാരടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.‘ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു .. ഹൃദയപൂർവം പിറന്നാൾ ആശംസകൾ’ – എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/photo.php?fbid=848237593327550&set=a.221061716045144&type=3

പ്രിയ താരത്തിന്‍റെ ജന്മദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആഘോഷിക്കാനാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ അണിയറയില്‍ ജോലികള്‍ പുരോഗമിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ അപ്ഡേറ്റുകളും പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്‍, ജിത്തു ജോസഫിന്‍റെ റാം, മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ്, രജനീകാന്തിനൊപ്പമുള്ള തമിഴ് ചിത്രം ജയിലര്‍ തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റെ പുറത്തിറങ്ങാനുള്ള പുതിയ സിനിമകള്‍.

Related Articles

Latest Articles