മുംബൈ : മുംബൈയിൽ വിജയക്കൊടി പാറിച്ച് ബിജെപി മുന്നേറുന്നു. മഹാരാഷ്‌ട്രയിലെ നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ (Maharashtra Nagar Panchayat Election) വൻവിജയമാണ് പാർട്ടി നേടിയത്. ആകെ സീറ്റുകളിൽ 419 സീറ്റുകൾ സ്വന്തമാക്കിയാണ് പഞ്ചായത്തിൽ പാർട്ടി ആധിപത്യം ഉറപ്പിച്ചത്. ഇതോടെ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുകയാണ് ബിജെപി. ഇന്നലെയായിരുന്നു ഫല പ്രഖ്യാപനം. 1791 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇതിൽ 381 സീറ്റുകൾ എൻസിപി സ്വന്തമാക്കി. മഹാവികാസ് അഖാഡിയുടെ സഖ്യ കക്ഷിയായ കോൺഗ്രസ് 344 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. നാലാം സ്ഥാനത്ത് ശിവസേനയാണ്. 296 സീറ്റുകളാണ് തെരഞ്ഞെടുപ്പിൽ ശിവസേനയ്‌ക്ക് നേടാൻ കഴിഞ്ഞത്. 239 സീറ്റുകൾ നേടി തൊട്ടു പിന്നിൽ സ്വതന്ത സ്ഥാനാർത്ഥികളും ഉണ്ട്. അതേസമയം തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് സിപിഎമ്മിനും, ബിഎസ്പിയ്‌ക്കും നേരിടേണ്ടിവന്നത്

നൂറിൽ താഴെ സീറ്റുകൾ മാത്രമാണ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും, ബിഎസ്പിയ്‌ക്കും നേടാൻ കഴിഞ്ഞത്. നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തിന് പുറമേ ഭാന്ദ്ര, ഗോണ്ടിയ എന്നീ ജില്ലകളിലെ സിലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിച്ചിരുന്നു. 105 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 38 സീറ്റുകൾ നേടിയായിരുന്നു ബിജെപി വിജയക്കൊടി പാറിച്ചത്.