Saturday, April 20, 2024
spot_img

മഹാരാഷ്ട്രയിൽ ജാഗ്രത വർധിപ്പിക്കുന്നു

റായ്ഗഡ് കടൽത്തീരത്ത് നിന്നും ആയുധങ്ങൾ കണ്ടെത്തിയ ബോട്ട് കൂടുതൽ പരിശോധനയ്‌ക്കായി തീരത്ത് നിന്ന് നീക്കി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും വഹിച്ച ബോട്ട് കണ്ടെടുത്തതിനെ തുടർന്ന് മഹാരാഷ്‌ട്രയിലെ റായ്ഗഡ് മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. നിലവിൽ ഭീകരബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മൂന്ന് എകെ-47 തോക്കുകൾ, വെടിയുണ്ടകൾ എന്നിവയാണ് സംശയാസ്പദമായി കണ്ട ബോട്ടിൽ നിന്നും കണ്ടെടുത്തത്. ബോട്ടിനുള്ളിൽ നിന്നും ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുളളുവെന്ന് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. സായുധ സുരക്ഷ ഉറപ്പാക്കുന്ന നെപ്റ്റിയൂൺ മാരിടൈം സെക്യൂരിറ്റി എന്ന സ്ഥാപനത്തിന്റെ ലോഗോ ആയുധങ്ങൾ നിറച്ച് പെട്ടിയിലുണ്ടായിരുന്നു. ഇതുമായി ബന്ധമില്ലെന്ന് സ്ഥാപനം ഔദ്യോഗിക പ്രസാതാവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയൻ വനിതയായ ഹാന ലോർഡോർഗന്റെ ഉടമസ്ഥതയിലുള്ള ലേഡി ഹാൻ എന്ന കപ്പലാണ് റായ്ഗഡിൽ കണ്ടെത്തിയത്.ജൂണിൽ എട്ട് യാത്രക്കാരുമായി മസ്‌കറ്റിൽ നിന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന കപ്പൽ പാതിവഴിയിൽ മറിയുകയും പിന്നീട് കൊറിയൻ കപ്പൽ ജീവനക്കാരെ രക്ഷിക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

എടിഎസ്, കോസ്റ്റ് ഗാർഡ്, മാരിടൈം ബോർഡ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലിനിടയിൽ ഭരൻ ഖോൽ കിനാരയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട മറ്റൊരു ലൈഫ് ബോട്ട് കണ്ടെടുത്തു. ഒരു ലൈഫ് ജാക്കറ്റും ചില രേഖകളും ഉപേക്ഷിക്കപ്പെട്ട ബോട്ടിൽ നിന്നും കണ്ടെത്തി.

 

Related Articles

Latest Articles