Tuesday, April 23, 2024
spot_img

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രി പദത്തിലെത്തുന്നത് ഇത് രണ്ടാം തവണ; ചടങ്ങിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ

അഗർത്തല: തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹം ത്രിപുരയുടെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. കൂടാതെ മണിക് മന്ത്രി സഭയിലെ എട്ട് മന്ത്രിമാരും ഇന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റു.

അഗർത്തലയിലെ വിവേകാനന്ദ മൈതാനത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ,​ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, സിക്കിം മുഖ്യമന്ത്രി പി എസ് തമാംഗ് എന്നിവരുടെ മഹനീയ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

ത്രിപുര മുൻ മുഖ്യമന്ത്രിയായ ബിപ്ളവ് കുമാർ ദേബും വേദിയിലുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബിജെപി പാർലമന്ററി പാർട്ടി യോഗമാണ് സാഹയെ ഏകകണ്ഠമായി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് ഒൻപത് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ വർഷം മേയ് 15നാണ് മുഖ്യമന്ത്രിയായിരുന്ന ബിപ്ളവ് കുമാർ ദേബിനെ മാറ്റി ബിജെപി നേതൃത്വം മണിക് സാഹയ്ക്ക് അധികാരം കൈമാറുന്നത്.60ൽ 32 സീറ്റ് നേടിയാണ് ബിജെപി ത്രിപുരയിൽ അധികാരത്തിലെത്തിയത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റും നേടി.

Related Articles

Latest Articles