Manik Saha will continue as Chief Minister of Tripura; Oath on March 8

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. തിങ്കളാഴ്ച അഗര്‍ത്തലയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

മണിക് സാഹ, കേന്ദ്ര സഹമന്ത്രി പ്രതിമാ ഭൗമിക് എന്നിവരുടെ പേരുകളാണു പരിഗണിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് 9 മാസം മുൻപാണു ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. സാഹയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നു തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പിന്തുണയ്ക്കുന്നവരാണു പ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ പ്രശ്നം ഉടലെടുത്തത്.