പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളായ കമ്രാന്‍ എന്ന ജെയ്‌ഷെ മുഹമ്ദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഇയാളോടൊപ്പം മറ്റൊരു ഭീകരനും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല.

ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു മേജര്‍ അടക്കം നാല് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.ഒരു പ്രദേശവാസിയും ആക്രമണത്തില്‍ മരിച്ചതായി വിവരങ്ങളുണ്ട്. പ്രദേശം മുഴുവന്‍ ഇപ്പോള്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.മറ്റുള്ള ഭീകരര്‍ക്കുവേണ്ടി സൈനിക നടപടി തുടരുകയാണ്.