ഒഡീഷയിലെ കട്ടക്കിലെ ഒരു തട്ടുകടക്കാരനായ പ്രകാശ് റാവുവിനെ രാജ്യം ശ്രദ്ധിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഒരു പക്ഷെ കട്ടക്കിലും പരിസര പ്രദേശങ്ങളിലും മാത്രം അറിയപ്പെട്ടിരുന്ന പ്രകാശ് റാവുവിനെ തേടി പ്രധാനമന്ത്രിയുടെ അംഗീകാരം എത്തിയത് ‘മൻ കി ബാത്’ പ്രഭാഷണത്തിലൂടെയും.

പണത്തിനും പ്രശസ്തിക്കും വേണ്ടി സാമൂഹിക പ്രവർത്തനം നടത്തുന്നവരിൽ നിന്ന് ഏറെ ദൂരം മാറി സഞ്ചരിക്കുന്ന പ്രകാശ് റാവു നിസ്സാരനല്ല. കഴിഞ്ഞ 18 വർഷമായി കട്ടക്കിലെ ചേരി നിവാസികളായ കുട്ടികൾക്കിടയിൽ അറിവിന്റെ പ്രകാശം പരത്തുകയാണ് ഈ ചായകടക്കാരൻ. തന്റെ ചെറിയ തട്ടുകടയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ പകുതിയും ചിലവഴിക്കുന്നത് ഇതിനായാണ്. സമൂഹത്തിന്റെ താഴേക്കിടയിലുള്ള കുട്ടികൾക്കായി അദ്ദേഹം ഒരു വിദ്യാലയവും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന് സൗകര്യവും സാഹചര്യവുമില്ലാത്ത കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത് കണ്ടാണ് ഈ പ്രവർത്തനത്തിന് ഇറങ്ങിയതെന്ന് പ്രകാശ് റാവു പറയുന്നു. ഇന്ന് ചേരി പ്രദേശത്തുള്ള 70 കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആഹാരത്തിന്റെയും ചിലവ് വഹിക്കുന്നത് പ്രകാശ് റാവുവാണ്.

‘ മൻ കി ബാത് ‘ ന്റെ 44-ാം എഡിഷനിൽ ആണ് മോദി പ്രകാശ് റാവുവിനെക്കുറിച്ച് പരാമർശിച്ചതും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ചതും. കുട്ടികളുടെ കാവൽ മാലാഖ എന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിച്ചപ്പോൾ പ്രകാശ് റാവുവിന്റെ ചുറ്റുമുണ്ടായിരുന്ന നാട്ടുകാരും കുട്ടികളും ആർത്തു  വിളിച്ചു. 

മൻ കി ബാത്തിന്റെ തലേദിവസം കട്ടക്കിലെത്തിയ പ്രധാനമന്ത്രി തന്നെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചിരുന്നതായി പ്രകാശ് റാവു പറഞ്ഞു. 20 മിനിറ്റോളം സമയം പ്രധാനമന്ത്രി തനിക്കായി മാറ്റിവെയ്ക്കുകയും പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തതായി റാവു പറഞ്ഞു. എങ്കിലും മൻ കി ബാതിൽ അദ്ദേഹം തന്നെ പേരെടുത്ത് പരാമർശിക്കുമെന്നു കരുതിയില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് പ്രവർത്തനമികവിന് അംഗീകാരം കൊടുത്തതിന്റെ താരത്തിളക്കത്തിലാണ് പ്രകാശ് റാവുവും അദ്ദേഹത്തിന്റെ കുട്ടിപ്പട്ടാളവും