Thursday, April 25, 2024
spot_img

മാദ്ധ്യമ ഇരട്ടത്താപ്പിനെ അതിജീവിച്ച് പ്രഖ്യാപിച്ച നരേന്ദ്രായനം |മിലൻ കാ ഇതിഹാസ്, പരമ്പര – 43 |സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, നമസ്കാരം

കഴിഞ്ഞ ലക്കത്തിൽ നരേന്ദ്രമോദി മൂന്നാം തവണയും ഗുജറാത്തിൽ വെന്നിക്കൊടി പാറിച്ചത് നാം കണ്ടു. ശ്രീ. നരേന്ദ്ര ദാമോദർദാസ് മോദിയുടെ പ്രവർത്തന കാലയളവിൽ ഗുജറാത്ത് നേടിയ പുരോഗതി ഏവരും മാതൃകയാക്കേണ്ടതാണ്. എന്നാൽ ഈ സമയങ്ങളിലെല്ലാം തന്നെ നികൃഷ്ടമായ മാദ്ധ്യമ വിചാരണകൾക്കും വേട്ടയാടലിനും വിധേയനായ വ്യക്തിയാണ് നരേന്ദ്രമോദി. മോദി എന്ത് ചെയ്താലും കുറ്റം. മോദി ഇതുവരെ ചെയ്തതെല്ലാം കുറ്റം, ചെയ്തുകൊണ്ടിരിയ്ക്കുന്നതും കുറ്റം, ഇനി ചെയ്യാൻ പോകുന്നതും കുറ്റം എന്ന മനോഭാവം വച്ചുപുലർത്തലായിരുന്നു മാദ്ധ്യമങ്ങൾ ചെയ്തത്.

നരേന്ദ്രമോദി പറയുന്നതെന്തും വിവാദമാക്കുവാൻ മാദ്ധ്യമങ്ങൾ ബദ്ധശ്രദ്ധർ ആയിരുന്നു. നിഗൂഢതയുടെയും ക്രൗര്യത്തിൻ്റെയും മുസ്ലിം വിരുദ്ധതയുടെയും മാദ്ധ്യമ പാരികല്പനാ മുഖം മൂടിയ്ക്കുള്ളിൽ നരേന്ദ്രമോദിയെ തളച്ചിടാൻ പത്രക്കാർ മത്സരിച്ചു. നരേന്ദ്ര മോദിയെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ നെഗറ്റിവ് ഇമേജാണ് ഉണ്ടായിക്കൊണ്ടിരുന്നത്. അതിനനുസരിച്ചുള്ള വാക്പ്രയോഗങ്ങളായിരുന്നു മാദ്ധ്യമങ്ങൾ ഉപയോഗിച്ചിരുന്നത്. എന്തിനേറെ ഗുജറാത്ത് കലാപം നരേന്ദ്രമോദിയുടെ കൊള്ളരുതാഴികയാണ് എന്നും പറഞ്ഞുകൊണ്ട് അമേരിയ്ക്ക അദ്ദേഹത്തിന് വിസ നിഷേധിച്ചുകൊണ്ട് ഇടത് ജിഹാദി മാദ്ധ്യമ ഫോർമുലയ്ക്ക് പിൻബലം നൽകി.

എന്നാൽ ഇത്തരം മാദ്ധ്യമ കപടതകളെ നരേന്ദ്രമോദി നേരിട്ടത് സത്യസന്ധതയുടെ രാഷ്ട്രീയവും പെരുമാറ്റവും മുമ്പോട്ടുവച്ചുകൊണ്ടായിരുന്നു. നിരവധി കോക്കസുകളായിരുന്നു നരേന്ദ്രമോദിയ്‌ക്കെതിരെ പ്രവർത്തിച്ചിരുന്നത്. ബർഖാ ദത്ത് നേതൃത്വം നൽകുന്ന കുടില മാദ്ധ്യമ സംഘവും, ഇടതു ജിഹാദി എക്കോ സിസ്റ്റത്തിൻ്റെ ചട്ടുകമായി പ്രവർത്തിച്ചിരുന്ന എം.ബി. ശ്രീകുമാർ, സഞ്ജയ് ഭട്ട് എന്നീ പോലീസുകാരും മനുഷ്യാവകാശ പ്രവർത്തകയുടെ മുഖംമൂടിയണിഞ്ഞ ടീസ്ത സെതൽവാദ് എന്ന ഗൂഢാലോചനക്കാരിയും ചേർന്ന് ബിജെപിയ്ക്കും മോദിയ്ക്കുമെതിരായ പരികൽപ്പനകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനെയൊക്കെ അതിജീവിയ്ക്കുന്ന ഗുജറാത്ത് മോഡൽ വികസനത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും ചർച്ചകൾ നടന്നുവന്നു. കേരളത്തിലെ പല ഇടതു വലത് നേതാക്കളും പലപ്പോഴും ഗുജറാത്ത് ഭരണത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയത് മാദ്ധ്യമങ്ങളാൽ വിചാരണ ചെയ്യപ്പെട്ടു.

അതിനാൽ നരേന്ദ്രമോദിയെ ഏറ്റവും കൂടുതൽ എതിർക്കുന്ന ആൾക്കാണ് മതേതരത്വം കൂടുതൽ എന്ന സാമൂഹിക ചിന്ത ഉടലെടുത്തുവന്നു. പക്ഷെ ഇതിൻ്റെ മറുവശത്തുള്ള ജനതയുടെ ഉള്ളിൽ നരേന്ദ്രമോദിയ്ക്ക് ഉണ്ടായിവന്ന ഇമേജ് രക്ഷകൻ്റെയാണ്. ഇസ്ലാമിക അധിനിവേശത്തിൽ നിന്നും ഗുജറാത്തി ഹിന്ദുക്കളുടെ രക്ഷകനായ നരേന്ദ്രമോദി എന്ന മുഖ്യമന്ത്രി എന്ന പരിവേഷം പ്രത്യക്ഷത്തിലും പരോക്ഷത്തിലും അദ്ദേഹത്തിൻ്റെ ശരീരഭാഷയിൽനിന്നും മനസിലാക്കുന്ന ജനതഥി രൂപപ്പെട്ടു.

മോദിയുടെ വിജയത്തിൽ ഹാലിളകിയിട്ടാവണം 2012 ഡിസംബർ 22ന് ഹൈദരാബാദിലെ മജ്ലിസ് പാർട്ടി നേതാവ് അക്ബറുദ്ദിൻ ഒവൈസി ഒരു വൻ പ്രകോപനവുമായി രംഗത്തെത്തി. ഹിന്ദുക്കളെ ഒന്നടങ്കം വെല്ലുവിളിയ്ക്കുന്ന ആ പ്രസംഗത്തിൽ 15 മിനിറ്റ് ഇന്ത്യയിലെ പോലീസ് സേന മാറിനിന്നാൽ 100 കോടി ഹിന്ദുക്കളെ അടിച്ചൊതുക്കാനുള്ള കെൽപ്പുള്ളവരാണ് ഇന്ത്യയിലെ 25 കോടി മുസ്ലീങ്ങൾ എന്ന് അയാൾ പ്രസംഗിച്ചു. ഈ വാചകങ്ങൾക്ക് തക്ബീർ മുഴക്കി പിന്തുണ പ്രഖ്യാപിയ്ക്കുന്ന ആവേശ ഭരിതരായ മുസ്ലീങ്ങളടങ്ങുന്ന വീഡിയോ ഇന്നും യൂറ്റൂബിൽ ലഭ്യമാണ്. ഇതെത്തുടർന്ന് ബിജെപി എംഎൽഎ രാജാ സിംഗിൻ്റെ നേതൃത്വത്തിൽ മറുപടി പ്രസംഗവുമുണ്ടായി. ആകെ അലമ്പായി. ഈ ഘട്ടത്തിൽ അമേരിയ്ക്കൻ എംബസിയിൽ നിന്നും ഇന്ത്യയിലുള്ള അവരുടെ പൗരന്മാരോട് ഹൈദരാബാദിൽ നിന്നും തിരികെപ്പോകാൻ ആവശ്യപ്പെടുന്ന സർക്കുലർ പുറത്തിറങ്ങി. ഹൈദരാബാദിൽ എന്തോ സംഭവിയ്ക്കുവാൻ പോകുന്നത്രേ.

ഈ സാഹചര്യത്തിലാണ് 2013 ആരംഭിയ്ക്കുന്നത്. ആദ്യ ആഴ്ച്ചകളിൽ തന്നെ ഇന്ത്യാ പാകിസ്ഥാൻ അതിർത്തി സംഘർഷ ഭരിതമായി മാറി. സ്വാമി വിവേകാനന്ദൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ സർക്കാരിൻ്റെ നേതൃത്വത്തിലും ആർഎസ്എസിൻ്റെ നേതൃത്വത്തിലും ഭാരതമെമ്പാടും നടന്നു. ഓരോരോ വീടുകളിലും കയറി ലഘുലേഖകൾ നൽകി സ്വാമി വിവേകാനന്ദനെക്കുറിച്ച് വിശദീകരിയ്ക്കുന്ന തരത്തിലായിരുന്നു ആർഎസ്എസിൻ്റെ പ്രവർത്തനം.

2013 ജനുവരി മാസത്തിൽ ഹിന്ദു ഭീകരവാദം എന്ന നിരുത്തരവാദപരമായ പ്രസ്താവനയുമായി കോൺഗ്രസ്സ് നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ സുശീൽകുമാർ ഷിൻഡെ രംഗത്തെത്തി. വായനക്കാർ ചിന്തിയ്ക്കൂ, രാജ്യം മുഴുവൻ ഇസ്‌ലാം ആക്രമണം നടത്തുമ്പോൾ അതിൻ്റെ ദുരിതങ്ങൾ പേറിയ മനുഷ്യർ ജീവച്ഛവങ്ങളായി കഴിയുമ്പോൾ ഈ പ്രസ്താവന ആർക്കുവേണ്ടിയായിരുന്നു. ആരെ സുഖിപ്പിയ്ക്കുവാനായിരുന്നു. ഇത് ഇന്ത്യയ്ക്കുണ്ടാക്കിയ ക്ഷീണം നിസാരമല്ല. ഇത്രയ്ക്ക് ഉത്തരവാദിത്വ രഹിതമായിരുന്നു കോൺഗ്രസ്സ്. കോൺഗ്രസിൻ്റെ ഹിന്ദു വിരുദ്ധ നിലപാടുകളുടെ അങ്ങേത്തലയായിരുന്നു ഇത്. പാകിസ്ഥാൻ അടക്കമുള്ള ശത്രുക്കൾ അന്താരാഷ്ട്ര വേദിയിൽ വരെ ഇത് ഉന്നയിച്ചു. അവരല്ല ആക്രമണങ്ങൾ നടത്തുന്നതെന്നും ഇന്ത്യയ്ക്കുള്ളിലാണ് അക്രമകാരികളുള്ളതെന്നും. അവർ പറഞ്ഞുവെച്ചു. ഇതേതുടർന്ന് നിരവധി പ്രതിഷേധങ്ങളുണ്ടായി. അതിനൊടുവിൽ ഷിൻഡെ തൻ്റെ നാണംകെട്ട പ്രസ്താവന പിൻവലിച്ചു.

2013 ജനുവരി 17ന് ചരിത്ര പ്രസിദ്ധമായ ഒരു തീരുമാനം മൻമോഹൻസിങ് സർക്കാർ പ്രഖ്യാപിച്ചു. പെട്രോളിയം വകുപ്പ് മന്ത്രി ശ്രീ. വീരപ്പ മൊയ്‌ലിയാണ് ഇത് പ്രഖ്യാപിച്ചത്. അതെന്തെന്നാൽ ഭീമമായ ബജറ്റ് നഷ്ടമുണ്ടാക്കുന്ന ഇന്ധന സബ്‌സിഡി ഒഴിവാക്കുവാനായി സർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പെട്രോൾ വില നിശ്ചയിക്കാനുള്ള അനുമതി രണ്ടു വർഷങ്ങൾക്ക് മുമ്പ് നൽകിയതുപോലെ ഇപ്പോൾ ഡീസലിൻ്റെ വില നിശ്ചയിക്കുവാനുള്ള അധികാരവും മുമ്പുണ്ടാക്കിയ കരാറിൻ്റെ ഭാഗമായി നൽകി. ഇതിനെത്തുടർന്ന് വ്യാപക പ്രതിഷേധങ്ങളുണ്ടായി.

നാഷണൽ ഹെറാൾഡ് അഴിമതിക്കേസ് പൊങ്ങിവന്നതിന് പിന്നാലെ കോൺഗ്രസിൻ്റെ അടുത്ത അഴിമതിക്കേസും പൊങ്ങിവന്നു.അതാണ് ചോപ്പർ അഴിമതി അല്ലെങ്കിൽ ചോപ്പർഗേറ്റ് സ്‌കാം. മുൻവർഷങ്ങളിൽ പുതിയ ഹെലികോപ്റ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ നിർമ്മാതാക്കളായ അഗസ്റ്റ വെസ്റ്റ്‌ലാൻഡും ഉൾപ്പെട്ട കൈക്കൂലി, അഴിമതി ആരോപണങ്ങളിൽ ഇന്ത്യൻ ദേശീയ പാർലമെൻ്ററി അന്വേഷണം ആരംഭിച്ചപ്പോൾ യുകെയിലെയും യുഎഇയിലെയും ബാങ്ക് അക്കൗണ്ടുകൾ വഴി 2.5 ബില്യൺ (31 ദശലക്ഷം യുഎസ് ഡോളർ) കൈമാറിയ കാര്യം ഫെബ്രുവരി 12ന് പുറത്തായി. അഴിമതിയുടെ കൂത്തരങ്ങായ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ സഹതാപത്തോടെ നോക്കിക്കാണുന്ന ജനതയുടെ വൈകാരികത മറ്റൊരു തരത്തിലായിരുന്നു. 12 അഗസ്റ്റ വെസ്റ്റ്‌ലാൻഡ് AW101 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനുള്ള ഇന്ത്യൻ കരാർ നേടിയെടുക്കാൻ 3.6 ബില്യൺ (45 ദശലക്ഷം യുഎസ് ഡോളർ) അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് കൈക്കൂലി വാങ്ങിയ കോൺഗ്രസ്സ് രാഷ്ട്രീയ നേതൃത്വത്തിന് ഈ രാജ്യത്തെയും സംവിധാനത്തെയും വിശ്വസിയ്ക്കുന്ന ജനങ്ങളോട് എന്താണ് പറയുവാനുള്ളത്.

കാര്യങ്ങൾ ഇങ്ങനെ സ്മൂത്തായി മുൻപോട്ടു പോകുന്നത് സഹിയ്ക്കാൻ വയ്യാഞ്ഞിട്ടാവണം അമേരിക്കൻ എംബസ്സി അവരുടെ പൗരന്മാർക്ക് നൽകിയ ജാഗ്രതാ നിർദ്ദേശത്തിൻ്റെ കാരണം വെളിവാക്കുവാൻ അള്ളാഹു തീരുമാനിച്ചു. ഇന്ത്യൻ മുജാഹിദീനെയാണ് അള്ളാഹു ഇതിനുള്ള ചുമതല ഏൽപ്പിച്ചത്. അവരിൽ അള്ളാഹു നിക്ഷിപ്തമാക്കിയ കർത്തവ്യം വളരെ ഭംഗിയായി ഫെബ്രുവരി 21ന് ഹൈദരാബാദ് നഗരത്തിൽ ഹിന്ദുക്കൾ ധാരാളമുള്ള തിരക്കേറിയ ദിൽസുഖ് നഗറിൽ രണ്ടു സ്ഫോടങ്ങൾ നടത്തി വെടിപ്പായി നിറവേറ്റി. 2013ലെ ഉദ്‌ഘാടന ഭീകരാക്രമണവും ഇതായിരുന്നു. ഈ സ്ഫോടനത്തിൽ 17 പേർ മരിക്കുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്തായാലും ഇത് ചെയ്തവർക്ക് ഹിദായത്ത് കിട്ടി.

ഏപ്രിൽ മദ്ധ്യത്തോടെ ഇന്ത്യാ ചൈന അതിർത്തി അസ്വസ്ഥമായി. പട്ടാളക്കാർ തമ്മിൽ സംഘർഷത്തിലേർപ്പെട്ടു. റെയിൽവേ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുവാനായി അവരിൽ നിന്നും കൈക്കൂലി വാങ്ങിയ വിജയ് സിംഗ്ല എന്ന വ്യക്തിയെ മെയ് 3ന് സിബിഐ പൊക്കിയതോടെ കോൺഗ്രസ്സ് സർക്കാരിലെ മറ്റൊരു അഴിമതിക്കഥകൂടെ പുറത്തെത്തി. കാരണം വിജയ് സിംഗ്ലയുടെ അമ്മാവനായ ചണ്ഡീഗഡിൽ നിന്നുള്ള കോൺഗ്രസ് എംപി പവൻ കുമാർ ബൻസാൽ ആയിരുന്നു റെയിൽവേ മന്ത്രി. മതിയായ തെളിവുകൾ സിബിഐയുടെ പക്കൽ ഇല്ലാതിരുന്നതിനാൽ ബൻസാലിനെ പ്രതിയാക്കാതെ ചാർജ് ഷീറ്റ് കോടതിയിൽ നൽകി. പക്ഷെ ഇതിനൊപ്പം ആരോപണം നേരിട്ട മന്ത്രി അശ്വനി കുമാറിനോടും ബൻസലിനോടും മൻമോഹൻസിങ് രാജി ആവശ്യപ്പെട്ടു. മെയ് 10ന് ഇരുവരും രാജിവച്ചു.

ഈ സമയങ്ങളിലെല്ലാം ഒരു പ്രത്യേകതരം മാദ്ധ്യമ പ്രവർത്തനമാണ് നമുക്ക് കാണാൻ സാധിച്ചിരുന്നത് അതായത് നരേന്ദ്രമോദിയ്ക്ക് നെഗറ്റിവ് ഇമ്പ്രഷൻ നൽകുന്ന പദപ്രയോഗങ്ങൾ നടത്തി വിജയിയ്ക്കപ്പെട്ട മാദ്ധ്യമങ്ങൾ ഈ അഴിമതി വാർത്തകൾ വരുമ്പോൾ ഹെഡിങ്ങുകളിൽ ‘സോണിയയ്ക്ക് അതൃപ്തി’ എന്ന വാചകം കൂട്ടിച്ചേർക്കുമായിരുന്നു. അതായത് ഉദാഹരണം പറഞ്ഞാൽ ‘കൈക്കൂലിക്കേസിൽ ക്യാബിനറ്റ് മന്ത്രിമാരുടെ നേർക്ക് ആരോപണം: സോണിയയ്ക്ക് അതൃപ്തി’ എന്നിങ്ങനെ പത്രക്കാർ കൊടുക്കുമായിരുന്നു. എന്നാൽ സോണിയ ഇത് എപ്പോൾ പറഞ്ഞു എന്നോ എവിടെ പറഞ്ഞുവെന്നോ ആർക്കും അറിയില്ലായിരുന്നു. എന്നുവച്ചാൽ അഴിമതിക്കാരായ നേതാക്കൾ ഉണ്ടെങ്കിലും കോൺഗ്രസിന് അഴിമതിയിൽ താത്പര്യമില്ല എന്ന് വരുത്തിത്തീർക്കുവാനുള്ള ഒരു വൃഥാ ശ്രമം. ഇതിനെയാണ് ലട്ടൻ ദൽഹി മാദ്ധ്യമ പ്രവർത്തനം എന്ന് പറയുന്നത്. ഇതുപോലുള്ള നിരവധി വെളുപ്പിയ്ക്കൽ കലാപരിപാടികൾ അന്ന് നടന്നു. പക്ഷെ എത്ര വെളുപ്പിയ്ക്കാൻ ശ്രമിച്ചിട്ടും കോൺഗ്രസ്സ് വെളുത്തില്ല.

ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് ഡോളറിനോട് പരാജയപ്പെടുന്ന സാമ്പത്തിക അവസ്ഥ സംജാതമായി. പൊതുഖജനാവിൽ തീവെട്ടിക്കൊള്ള നടത്തുകയും ഇസ്ലാമിക ഭീകരതയെ തൂവൽകൊണ്ട് തലോടുകയും ചെയ്തുകൊണ്ടിരുന്നുവെങ്കിലും മൻമോഹൻ സർക്കാർ ചില സദ്പ്രവൃത്തികളും ചെയ്തിട്ടുണ്ട്. അതിനെ വിസ്മരിയ്ക്കുവാനും സാദ്ധ്യമല്ല. ഇന്ത്യയിലെ സാമാന്യജത്തിൻ്റെ പട്ടിണിയകറ്റുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമായി പലരും വിഭാവന ചെയ്ത നിയമമാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം. ഇന്ത്യയിലെ 70% ജനസംഖ്യയ്ക്ക് നിയമം മൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നു എന്നതാണ് ഈ നിയമത്തിൻ്റെ പ്രത്യേകത. ഈ നിയമം ഫലപ്രദമായി ഇന്ത്യയിൽ നടപ്പിൽ വന്നിരിയ്ക്കുന്നതിനാലാണ് വേൾഡ് ഹങ്കർ ഇൻഡക്സ് പോലുള്ള തമാശകളെ പൊതുജനം തള്ളിക്കളയുന്നത്.

കാരണം റേഷൻ കാർഡുള്ള ഒരൊറ്റ വ്യക്തിപോലും ഇന്ത്യയിൽ പട്ടിണി കിടക്കേണ്ടി വരുന്നില്ല എന്നതുതന്നെ. അർഹരായവരും അല്ലാത്തവരും എന്ന രണ്ട് വിഭാഗങ്ങൾ മാത്രമാണ് ഈ നിയമം നടപ്പായ ശേഷം ഇന്ത്യയിൽ നിലവിൽ വന്നത്. അതിനാൽ റേഷൻകാർഡ് ഇല്ലാത്തതിനാൽ പട്ടിണി കിടക്കുന്നു എന്ന് പറഞ്ഞാൽ പോലും ഭക്ഷണം കിട്ടും. കാരണം എന്തുകൊണ്ട് റേഷൻകാർഡ് ഇല്ല എന്ന് അന്വേഷണം നടക്കും. ഈ അന്വേഷണത്തിൽ, പട്ടിണിക്കാരനായ വ്യക്തി ഇന്ത്യക്കാരനാണെങ്കിൽ ഉറപ്പായും റേഷൻ കാർഡ് ലഭിയ്ക്കും. മറിച്ച് വല്ല ബംഗ്ലാദേശിയോ റോഹിൻഗ്യയോ മറ്റ് അനധികൃത കുടിയേറ്റക്കാരനോ ആണെങ്കിൽ അവൻ അറസ്റ്റിലായി ഡിറ്റൻഷൻ സെൻ്ററിൽ പോയി ആഹാരം കഴിയ്ക്കാനുള്ള വ്യവസ്ഥയുണ്ടാകും. എന്തായാലും പട്ടിണി ഇല്ലാതാകും എന്ന് ഉറപ്പ്.

ഇതിനുള്ള ധൈര്യമുള്ളവർ മാത്രം ഇന്ത്യയിൽ പട്ടിണിയുണ്ടെന്ന് വിളിച്ചു കൂവിയാൽ മതി. അല്ലാത്തപക്ഷം യഥാർത്ഥ പട്ടിണിക്കാരനെ കാണിച്ചു തരുവാനുള്ള ബാദ്ധ്യത അവർക്കുണ്ടെന്ന് മറക്കരുത്. ഇത്തരം ഉദാത്തമായ ഈ നിയമത്തെ ആരും എതിർത്തില്ല. പ്രതിപക്ഷം ചില ഭേദഗതികൾ നിർദേശിച്ചിരുന്നത് ഒഴിച്ചാൽ സർവ്വസമ്മതമായി ഈ നിയമം നടപ്പായി. ഓഗസ്റ്റിൽ ലോക്സഭയിൽ പാസായ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 സെപ്റ്റംബർ 2ന് രാജ്യസഭയും പാസാക്കി. ഇത് യുപിഎ സർക്കാരിൻ്റെ നേട്ടം തന്നെയാണെന്നതിൽ സംശയമില്ല.

ഇനിയാണ് ഇന്ത്യയുടെ ഭാഗദേയം മാറ്റിമറിച്ച തീരുമാനം ഭാരതീയ ജനതാ പാർട്ടി കൈക്കൊണ്ടത്. 2013 സെപ്റ്റംബർ 13ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി ദേശീയ നേതാവുമായ ശ്രീ. നരേന്ദ്ര ദാമോദർദാസ് മോദിയെ അടുത്ത വർഷം നടക്കുവാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചു. ആരും പ്രതീക്ഷിയ്ക്കാതിരുന്നൊരു തീരുമാനമായിരുന്നു അത്. കാരണം മാദ്ധ്യമങ്ങൾ മോദിയ്ക്ക് നൽകിയിരുന്ന പരികല്പന അത്തരത്തിലുള്ളതായിരുന്നു. ഇത്തരം നെഗറ്റിവ് ഷെയ്ഡ് ഉള്ള വ്യക്‌തിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പാർട്ടി സ്വയം കുഴിതോണ്ടി എന്ന് പാർട്ടിക്കാർ തന്നെ വിശ്വസിച്ചു. മാത്രമല്ല പലരും എൽ. കെ. അദ്വാനിയെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ നരേന്ദ്രമോദിയിലേയ്ക്ക് എത്തിച്ച തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്ന സംഭവ പരമ്പരകളാണ് തുടർന്ന് നടന്നത്.

രാഷ്ട്രീയ ചിത്രങ്ങൾ കളം തെളിഞ്ഞു വരുമ്പോൾ കോൺഗ്രസ്സ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ രാജീവിനെ മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടി. പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ചു. സോഷ്യൽമീഡിയ ജനകീയമായിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ആൻഡ്രോയ്‌ഡ് ഓപറേറ്റിങ് സിസ്റ്റമുള്ള സ്മാർട്ട് ഫോണുകൾ വിപണികളിൽ സുലഭമായി വരുന്ന കാലഘട്ടം. സോഷ്യൽ മീഡിയ പ്രചാരണം ആദ്യമായി ഫലപ്രദമായി രാഷ്ട്രീയ രംഗത്ത് ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി ഒരു പടി മുന്നിലെത്തി. ഗുജറാത്ത് വികസനത്തെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു ബിജെപി പ്രചരിപ്പിച്ചത്. അതോടൊപ്പം രാഹുൽ രാജീവ് എന്ന പക്വതയെത്താത്ത ചെറുപ്പക്കാരൻ കാട്ടിക്കൂട്ടുകയും പറയുകയും ചെയ്യുന്ന മണ്ടത്തരങ്ങൾ ട്രോളുകളായി പ്രചരിപ്പിച്ചു. അങ്ങനെ രാഹുലിന് പപ്പു എന്ന പേര് വീണു.

ഇതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ലോകരാജ്യങ്ങൾക്ക് മുമ്പാകെ നാണം കെടുന്ന അവസ്ഥയും കോൺഗ്രസ്സ് ഉണ്ടാക്കി. അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമയുമായുള്ള മൻമോഹൻ സിങ്ങിൻ്റെ കൂടിക്കാഴ്ച്ച 2013 സെപ്റ്റംബർ 27ന് നടക്കുമ്പോഴാണ് ഇന്ത്യൻ സർക്കാരിലെ സൂപ്പർ ശക്തികേന്ദ്രമായ നെഹ്‌റു കുടുംബത്തിലെ ഇളമുറ തമ്പുരാൻ റൗൾ വിൻസി പണി ഒപ്പിച്ചത്. അതായത് കുറ്റക്കാരായ എംപിമാരെയും എംഎൽഎമാരെയും സംരക്ഷിക്കാനായി ഒരു ഓർഡിനൻസ് ഇന്ത്യാ ഗവണ്മെൻ്റ് പുറപ്പെടുവിച്ചിരുന്നു. അത് മാദ്ധ്യമങ്ങൾ വിവാദമാക്കിയപ്പോൾ അതിൻ്റെ ഒരു കോപ്പി പത്രസമ്മേളനത്തിൽ വച്ച് നാടകീയമായി കീറിയറിഞ്ഞുകൊണ്ട് താനൊരു തിരുത്തൽവാദിയാണ് എന്ന പരിവേഷമെടുത്തണിയുവാൻ പപ്പുക്കുട്ടൻ ഒരു ശ്രമം നടത്തി. ഇവരുടെ നാടകങ്ങളെയൊന്നും തരിമ്പും വിശ്വസിയ്ക്കാത്ത പൊതുജനം ഇതിനെയും അവജ്ഞയോടെ തള്ളി.

ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ മുഴുവൻ കണ്ണീരണിയിച്ച ദിവസമായിരുന്നു 2013 നവംബർ 16. ഇന്ത്യൻ ക്രിക്കറ്റ് രംഗം ലോകത്തിന് സംഭാവന ചെയ്ത അതുല്യ പ്രതിഭാശാലിയായ ബാറ്റിങ് മാന്ത്രികൻ ശ്രീ. സച്ചിൻ രമേശ് ടെണ്ടുൽക്കർ തൻ്റെ ക്രിക്കറ്റ് ജീവിതത്തിന് സമാപ്തി കുറിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തിൻ്റെ ഒടുവിൽ പ്രിയപ്പെട്ട ടെണ്ടുൽക്കർ ഗ്രൗണ്ടിനെ വണങ്ങി കണ്ണീരോടെ പോകുന്നത് ടിവിയിൽ കണ്ട് കണ്ണീരണിഞ്ഞ ഓർമ്മകൾ എനിയ്ക്കുമുണ്ട്. ഇന്ത്യയിലെ യുവജനങ്ങളുടെ ഉള്ളിൽ സച്ചിൻ ടെണ്ടുൽക്കർ ചെലുത്തിയിരുന്ന സ്വാധീനം അത്ര വലുതായിരുന്നു. വിരമിച്ച ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്. സച്ചിൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചതുകൊണ്ട് മാത്രം ക്രിക്കറ്റിൽ നിന്നും വിരമിച്ച നിരവധിപ്പേരെ നമുക്ക് കാണുവാൻ സാധിയ്ക്കും. ഇതിലെ സംഗതിയെന്തെന്നാൽ ഇവരാരും തന്നെ അന്താരാഷ്ട്ര കളിക്കാർ അല്ല. എല്ലാവരും നമ്മുടെ നാട്ടിൻപുറത്ത് ക്രിക്കറ്റ് കളിച്ചു വളർന്നവരാണ്. അവരുടെ ആസ്വാദനമെല്ലാം സച്ചിൻ ടെണ്ടുൽക്കറെ ചുറ്റിപ്പറ്റിയായിരുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിച്ചുകൊണ്ടിരുന്നു. തീവണ്ടിയിലും ബസിലും ഓട്ടോയിലും ചായക്കടയിലെ മദ്യഷാപ്പിലും എന്നുവേണ്ട സർവ ഇടങ്ങളിലും ആസന്നമായ പൊതു തിരഞ്ഞെടുപ്പിലെ സാദ്ധ്യതകളെക്കുറിച്ചുള്ള ചർച്ചകളായിരുന്നു നടന്നുവന്നത്. ഇതിനിടെ അമേരിയ്ക്കയിൽ ഇന്ത്യൻനയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയും അമേരിയ്ക്കൻ സർക്കാരുമായുള്ള പ്രശ്‌നം പത്രങ്ങളിൽ തലക്കെട്ടായി. ദേവയാനിയുടെ യുഎസിലെ താമസസ്ഥലത്ത് ഉണ്ടായിരുന്ന ജോലിക്കാരിയ്ക്ക് മനുഷ്യാവകാശ ലംഘനം നേരിടേണ്ടിവന്നു എന്നതായിരുന്നു പ്രശ്‌നം.

തുടരും…

Related Articles

Latest Articles