Wednesday, April 24, 2024
spot_img

ഇന്ത്യൻ സിനിമയുടെ അഭിമാനമായി എം എം കീരവാണി ; എന്നാൽ ചരിത്രം സൃഷ്ടിച്ച ഈ മനുഷ്യൻ ആരാണ് ?…

95-ാമത് ഓസ്കാർ വേദിയിൽ നിറഞ്ഞാടി നാട്ടു നാട്ടു ഗാനം. ഇന്ത്യയുടെ അഭിമാനമായി, മികച്ച ഗാനത്തിനുള്ള ഓസ്കാർ കരസ്ഥമാക്കി. ഇന്ത്യൻ സിനിമയ്ക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ കാരണക്കാരനായി സംഗീത സംവിധായകൻ എം എം കീരവാണി. ലോക സിനിമയ്‌ക്കിടയിൽ ഇന്ത്യൻ സിനിമയ്ക്ക് ഒരു ഇടം നേടി തന്ന വ്യക്തി. എന്നാൽ ആരാണ് ഈ എം എം കീരവാണി.

ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് 1961 ജൂലൈ നാലിന് കൊഡൂരി മരകതമണി കീരവാണിയെന്ന എം എം കീരവാണി ജനിച്ചത്. 1987 കാലഘട്ടത്തിലാണ് കീരവാണിയുടെ സിനിമാജീവിതം ആരംഭിക്കുന്നത്. 1990ല്‍ കൽകി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായക രംഗത്ത് കാൽവയ്ക്കുന്നത്. എന്നാൽ ആ സിനിമ വിജയകരമായിരുന്നില്ല. ഈ തോൽ‌വിയിൽ നിന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം തുറക്കപ്പെടുകയായിരുന്നു. അതേ വർഷം തന്നെ ഇറങ്ങിയ ‘മനസ്സു മമത’ എന്ന ചിത്രം കീരവാണിയെ വളരെ ശ്രദ്ധേയനാക്കി. ക്ഷണാ ക്ഷണം എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ കീരവാണിക്ക് സ്വന്തമായൊരു ഇടം നേടിക്കൊടുത്തു. വൈകാതെ തമിഴില്‍ നിന്നും കന്നടത്തില്‍ നിന്നും മലയാളത്തില്‍ നിന്നും അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു തുടങ്ങി.

1991ല്‍ ഐവി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള കീരവാണിയുടെ അരങ്ങേറ്റം. 1992ല്‍ സൂര്യമാനസം എന്ന ചിത്രത്തിലൂടെ മലയാള സംഗീതത്തിലും അദ്ദേഹം ഒരിടം നേടിയെടുത്തു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിലെ ഗാനങ്ങള്‍ ആണ് കീരവാണി മലയാളത്തിന് നല്‍കിയ ഏറ്റവും അമൂല്യമായ നിധി. എന്നാൽ ദേവരാഗത്തിന് ശേഷം കീരവാണി മലയാളത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഭാഷയ്ക്ക് അധീതമായി കീരവാണിയുടെ സംഗീതത്തെ ഇന്ത്യൻ ജനത ഏറ്റുപാടി. പുതിയ തലമുറയും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഏറെ ആസ്വദിക്കുന്നുണ്ട്. ബാഹുബലി മുതൽ ആർആർആർ വരെ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിപ്പിച്ച ചിത്രങ്ങളായിരുന്നു.

ഒടുവിൽ സംഗീത രാജാവായ എം എം കീരവാണി ഇന്ത്യൻ മണ്ണിലേക്ക് ഓസ്കാർ പുരസ്ക്കാരം എത്തിച്ചു. ലോക സിനിമയ്ക്ക് മുന്നിൽ ഇന്ത്യൻ സിനിമയ്ക്ക് സ്വന്തമായൊരു ഇരിപ്പിടം ഉണ്ടാക്കിക്കൊടുത്തു . ഇനിയും നിരവധി നേട്ടങ്ങൾ സ്വാന്തമാക്കാൻ കീരവാണിയുടെ  യാത്ര തുടരും.

Related Articles

Latest Articles