Thursday, April 18, 2024
spot_img

നവരാത്രിയുടെ ആദ്യ മൂന്നുദിവസങ്ങളിൽ ശക്തിസ്വരൂപിണിയായ ദുർഗയെയാണ് പൂജിക്കുന്നത്

ഇന്ന് നവരാത്രി വ്രതാരംഭം

അതിപ്രാചീനകാലം മുതൽക്കുതന്നെ ദേവീപ്രീതിക്കുവേണ്ടി അനുഷ്ഠിച്ചുവരുന്ന വ്രതമാണ് നവരാത്രി. സർവേശ്വരനെ മാതൃരൂപത്തിൽ ആരാധിക്കുക എന്നത് ഹൈന്ദവധർമത്തിന്റെ സവിശേഷതയാണ്. മാനുഷിക ബന്ധങ്ങളിൽ മുഖ്യമായിട്ടുള്ളത് അമ്മയോടുള്ള ബന്ധമാണല്ലോ. മാതൃരൂപത്തിലുള്ള ഈശ്വരാരാധന സത്യസാക്ഷാത്കാരം ഏറ്റവും സുഗമമാക്കുന്നു.
സർവശക്തി സ്വരൂപിണിയായ ദേവിയെ മാതൃരൂപത്തിൽ ആരാധിച്ച് സാക്ഷാത്കരിക്കുകയും മാതാവിന്റെ സംരക്ഷണത്തിൽ ഒരു ശിശുവിനെപ്പോലെ ജീവിതം നയിക്കുകയും ചെയ്ത് ദേവീ പൂജയുടെ മഹത്ത്വം ലോകത്തിന് കാണിച്ചുകൊടുത്ത മഹാത്മാവാണ് ശ്രീരാമകൃഷ്ണ പരമഹംസർ.

ദേവീ ഭാഗവതം തൃതീയസ്കന്ധത്തിൽ 26 മുതൽ 30 കൂടിയ അഞ്ച് അധ്യായങ്ങളിലായിട്ടാണ് നവരാത്രി വ്രതത്തെക്കുറിച്ച് പറയുന്നത്. കന്നിമാസത്തിലെ കറുത്ത പ്രഥമ മുതൽക്കുള്ള ഒമ്പതു ദിവസത്തെയാണ് നവരാത്രിയായി നാം ആഘോഷിക്കുന്നത്. നവരാത്രിയുടെ ആദ്യ മൂന്നുദിവസങ്ങളിൽ ശക്തിസ്വരൂപിണിയായ ദുർഗയെയാണ് പൂജിക്കുന്നത്. പിന്നീടുള്ള മൂന്നു ദിവസങ്ങളിൽ അഭീഷ്ടവരദായിനിയും ഐശ്വര്യദേവതയുമായ മഹാലക്ഷ്മിയെ പൂജിക്കണം. വാഗ്ദേവതയായ സരസ്വതീദേവിക്കുള്ള പൂജയാണ് അവസാനത്തെ മൂന്നുദിവസങ്ങളിൽ നടത്തുന്നത്.
വിദ്യാദേവതയായ സരസ്വതീദേവിയുടെ അനുഗ്രഹത്തിനായി നാം നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടതാണ്. നവരാത്രിയിലെ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ശക്തിയും സമ്പത്തും ജ്ഞാനവും നവരാത്രി വ്രതാനുഷ്ഠാനത്താൽ നമുക്ക് പ്രാപ്തമാക്കാം. പത്താംദിവസം വിജയദശമിയായി ആഘോഷിക്കുന്നു.

ദുർഗാഷ്ടമി ദിവസം ഗ്രന്ഥങ്ങൾ പൂജയ്ക്ക് വെക്കണം. നിത്യപാരായണം ചെയ്യുന്ന രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങളാണ് പൂജയ്ക്ക് വെക്കേണ്ടത്. വിദ്യാർഥികൾ പാഠപുസ്തകങ്ങൾ പൂജയ്ക്ക് വെക്കണം. ഗ്രന്ഥപൂജയെന്ന ആചാരം അക്ഷരവിദ്യയോടുള്ള ആഭിമുഖ്യത്തെ സൂചിപ്പിക്കുന്നു. മഹാനവമി ആയുധപൂജയായി കൊണ്ടാടുന്നു. കർഷകരെ സംബന്ധിച്ചിടത്തോളം കാർഷികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ആയുധങ്ങളാണ്. ഓരോ തൊഴിലിലും ഏർപ്പെട്ടിട്ടുള്ളവരുടെ തൊഴിലുപകരണങ്ങളാണ് അവരുടെ ആയുധങ്ങൾ.
വിജയദശമി ദിവസമാണ് വിദ്യാരംഭം. സരസ്വതീപൂജ കഴിഞ്ഞ് കുട്ടികൾക്ക് അക്ഷരം കുറിക്കുന്നു. രണ്ടുവയസ്സു കഴിഞ്ഞ് മൂന്നാം വയസ്സിൽ എഴുത്തിനിരുത്തും. നാലാം വയസ്സിൽ പതിവില്ല. നാലു കഴിഞ്ഞ് അഞ്ചാം വയസ്സിൽ എഴുത്തിനിരുത്താമെന്ന് പൂർവികർ നിർദേശിക്കുന്നുണ്ട്. വിജയദശമി ദിവസം എഴുത്തിനിരുത്തുന്ന ചടങ്ങ് നിഷ്ഠയോടും ഭക്തിയോടുംകൂടി ആചരിച്ചുവരുന്നു. അക്ഷരവിദ്യ മഹത്തായ സമ്പത്താണ്.

Related Articles

Latest Articles