Friday, April 26, 2024
spot_img

അഭിനയകുലപതി ചരിത്രമായി; അഞ്ച് പതിറ്റാണ്ട് നീണ്ട നടനസപര്യ ഇനി ഓർമ്മകളിൽ; നെടുമുടി വേണുവിന്റെ ഭൗതികദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം:ചലച്ചിത്രലോകത്തെ അതുല്യപ്രതിഭ നെടുമുടി വേണുവിന്(Nedumudi Venu) യാത്രമൊഴി നൽകി കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മ്മങ്ങൾ നിർവഹിച്ചത്. രാവിലെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനു വച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശാന്തി കവാടത്തിലേക്കു കൊണ്ടു പോയത്.

നടൻ വിനീത്, മണിയൻപിള്ള രാജു, മധുപാല്‍, ടി.പി.മാധവൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, സമുദായ–സാംസ്കാരിക നേതാക്കൾ, നാടക പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ വീട്ടിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്കാരിക മേഖലയിലെ നിരവധിപേരെത്തിയിരുന്നു.നടൻ മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി. പുലർച്ചെ ഒന്നരയോടെ നടൻ മോഹൻലാൽ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

ഒട്ടേറെ സിനിമകളിൽ അഭിനയത്തിന്റെ നെടുമുടി സ്പർശം അനുഭവിച്ചറിഞ്ഞ മമ്മൂട്ടിയും, 40 വർഷക്കാലത്തെ അഭിനയ സഹവാസം ഓർത്തെടുത്ത മോഹൻലാലും നെടുമുടിയുമായുള്ള സൗഹൃദ അനുഭവങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

Related Articles

Latest Articles