ബിജെപി ജനതാദള്‍ (യു)വിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന നിതീഷ് കുമാറിന്‍റെ ആരോപണം നുണയാണെന്ന് ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. സുശീൽകുമാർ ട്വീറ്റിലൂടെയാണ് പ്രതികരിച്ചത്.

ബീഹാറിലെ പ്രധാന ബിജെപി നേതാവായ നിതീഷ് കുമാറിന്‍റെ സമ്മതമില്ലാതെയാണ് ജെഡി(യു) എംപിയായ ആര്‍സിപി സിങ്ങിനെ ബിജെപി കേന്ദ്രമന്ത്രിയാക്കിയതെന്ന നിതീഷ് കുമാറിന്‍റെ ആരോപണത്തിലും കഴമ്പില്ലെന്ന് സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.

ബിജെപിയുമായുള്ള സഖ്യം ഒഴിയാന്‍ നിതീഷ് കുമാര്‍ വെറുതെ ഒരു കരണമുണ്ടാക്കിയതാകാം. എന്തായാലും 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേർത്തു. ബിജെപി അപമാനിച്ചുവെന്നും തന്‍റെ പാര്‍ട്ടിയായ ജനതാദള്‍(യു) വിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് നിതീഷ് കുമാര്‍ സഖ്യം പിരിയാന്‍ കാരണമായി ബിജെപിക്ക് നേരെ ഉയര്‍ത്തുന്നത്.

ചൊവ്വാഴ്ച മുഖ്യമന്ത്രി പദം രാജിവെച്ച നിതീഷ് കുമാര്‍ ബുധനാഴ്ച തേജസ്വി യാദവിന്‍റെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പഴയതുപോലെ മഹാഘട്ബന്ധന്‍ എന്ന പേരില്‍ മഹാസഖ്യം രൂപീകരിച്ച് വീണ്ടും അധികാരമേല്‍ക്കുകയാണ്. 2015ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹാഘട്ബന്ധന്‍ എന്ന മഹാസഖ്യമാണ് വീണ്ടും തിരിച്ചുവരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് 2017ല്‍ ഈ സഖ്യത്തെ തഴഞ്ഞ് നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.

2020ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് ജെഡി(യു) അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയായിരുന്നു വലിയ ഒറ്റകക്ഷിയെങ്കിലും വെറും 43 സീറ്റുകളുള്ള ജെഡി(യു)വിന് നിതീഷ് കുമാറിനെ ബഹുമാനിച്ച് മുഖ്യമന്ത്രി സ്ഥാനം നൽകുകയായിരുന്നു.

കൂടാതെ ബീഹാറിൽ ജനങ്ങളെ വഞ്ചിച്ച നിതീഷിന് മാപ്പില്ലെന്ന് ബിജെപി നേതൃത്വം പറഞ്ഞു. 2015ൽ ആർജെഡിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിക്കാൻ വേണ്ടി നിതീഷ് കുമാർ ബിജെപിയുമായുള്ള നീണ്ടകാലത്തെ സഖ്യം അവസാനിപ്പിച്ചിരുന്നു. തുടർന്ന് 2017 ൽ വീണ്ടും ബിജെപിയിലേക്ക് മടങ്ങി. അഴിമതിക്കാരനായ തേജസ്വി യാദവ് എന്നായിരുന്നു ആരോപണം. ആർജെഡി ഭരണം ബീഹാറിനെ ഇല്ലാതാക്കിയെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. എന്നാൽ ഇപ്പോൾ എൻഡിഎ സഖ്യം വീണ്ടുമുപേക്ഷിച്ച് അഴിമതിക്കാരെന്ന് വിളിച്ചിരുന്ന ആർജെഡിക്കൊപ്പം ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുകയാണ് നിതീഷ് കുമാർ.

എന്നാൽ, രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ നിർമ്മിക്കാനൊരുങ്ങി ജെഡിയു നേതാവ് നിതീഷ് കുമാർ. ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രസിജ്ഞ ചെയ്യും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകുമെന്നാണ് വിവരം.

ബിജെപിയുമായുള്ള സഖ്യം ഇല്ലാതാക്കിയാണ് നിതീഷ് കുമാർ ആർജെഡിയുമായി ചേരുന്നത്. എൻഡിഎ സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഇന്നലെ വൈകീട്ടാണ് നിതീഷ് കുമാർ അറിയിച്ചത്. ഗവർണറെ സന്ദർശിച്ച് രാജിക്കത്ത് നൽകിയശേഷം ആർജെഡി നേതാവായ തേജസ്വി യാദവിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും കണ്ടു. തുടർന്ന് വീണ്ടും ഗവർണറുടെ വസതിയിൽ എത്തി പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തി. പുതിയ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.