Wednesday, April 17, 2024
spot_img

77 സീറ്റുണ്ടായിട്ടും ബിജെപി മുഖ്യമന്ത്രിപദം നൽകിയത് നിതീഷിന്; അർഹിക്കുന്നതിലപ്പുറം വിലപേശി വാങ്ങാനുള്ള തന്ത്രം വിലപ്പോയില്ല; മുന്നണി ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ ഒരിക്കൽക്കൂടി മഹാസഖ്യത്തിലേക്ക്; ഒട്ടും കുലുക്കമില്ലാതെ ബിജെപി

പട്‌ന: വിലപേശലുകൾക്ക് ചെവികൊടുക്കാതായപ്പോൾ ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേര്‍ന്ന ജെഡിയു എംഎല്‍എമാരുടേയും എംപിമാരുടേയും യോഗത്തില്‍ സഖ്യം പിരിയാന്‍ തീരുമാനം എടുത്തതായാണ് വിവരം. ഇന്ന് വൈകുന്നേരം 4 മണിക്ക് ഗവര്‍ണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസമാണ് എം.പി.മാരോടും എം.എല്‍.എ.മാരോടും ഉടന്‍ തലസ്ഥാനമായ പട്‌നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്. 243 അംഗ ബിഹാര്‍നിയമസഭയില്‍ 80 സീറ്റുമായി ആര്‍.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആര്‍.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

77 സീറ്റുണ്ടായിട്ടും മുഖ്യമന്ത്രി പദം ബിജെപി നിതീഷ്‌കുമാറിനാണ് നൽകിയത്. എല്ലാ മുന്നണി മര്യാദകളും ബിജെപി പാലിക്കുന്നുണ്ടായിരുന്നു എന്ന് വ്യക്തമാണ്. പക്ഷെ ഒരുകാലത്ത് തങ്ങളുടെ ഘടകകക്ഷിയായിരുന്ന ബിജെപി ക്കും താഴെ 55 സീറ്റുകളിലേക്ക് ചുരുങ്ങിയതിൽ നിതീഷ് അസ്വസ്ഥനായിരുന്നു. അർഹതയില്ലാത്ത അംഗീകാരങ്ങൾക്കായി നിതീഷ് നടത്തിയ വിലപേശലുകൾ അംഗീകരിക്കാൻ ബിജെപിയും തയ്യാറായില്ല. ഒടുവിൽ ഒരിക്കൽ പിണങ്ങിപ്പോന്ന കൂടാരത്തിലേക്ക് തന്നെ നിതീഷ് തിരികെപ്പോകുന്നു. കോണ്‍ഗ്രസ് നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ആര്‍ജെഡി എംഎല്‍എമാരും അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ നിതീഷുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യം നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിനിടെ ബിജെപി നേതാക്കളും ഗവര്‍ണറെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Latest Articles