Friday, March 29, 2024
spot_img

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും, സ്പീക്കർ സ്ഥാനം കോൺഗ്രസിനെന്ന് സൂചന

പട്‌ന: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിഹാറിൽ ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ നിർമ്മിക്കാനൊരുങ്ങി ജെഡിയു നേതാവ് നിതീഷ് കുമാർ. ഇന്ന് വീണ്ടും അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രസിജ്ഞ ചെയ്യും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകുമെന്നാണ് പുറത്ത് വരുന്ന വിവരം.

ബിജെപിയുമായുള്ള സഖ്യം ഇല്ലാതാക്കിയതിന്ശേഷമാണ് നിതീഷ്‌കുമാർ ആർജെഡിയുമായി ചേർന്നത്. എൻഡിഎ സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഇന്നലെ വൈകീട്ടാണ് നിതീഷ് കുമാർ പറഞ്ഞത്. ഗവർണറെ സന്ദർശിച്ച് രാജിക്കത്ത് നൽകിയശേഷം ആർജെഡി നേതാവായ തേജസ്വി യാദവിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും കണ്ടു. തുടർന്ന് വീണ്ടും ഗവർണറുടെ വസതിയിൽ എത്തി പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തി. പുതിയ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

എന്നാൽ, ബീഹാറിൽ ജനങ്ങളെ വഞ്ചിച്ച നിതീഷിന് മാപ്പില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. 2015ൽ ആർജെഡിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിക്കാൻ വേണ്ടി നിതീഷ് കുമാർ ബിജെപിയുമായുള്ള നീണ്ടകാലത്തെ സഖ്യം അവസാനിപ്പിച്ചിരുന്നു. തുടർന്ന് 2017 ൽ വീണ്ടും ബിജെപിയിലേക്ക് മടങ്ങി.

അഴിമതിക്കാരനായ തേജസ്വി യാദവ് എന്നായിരുന്നു ആരോപണം. ആർജെഡി ഭരണം ബീഹാറിനെ ഇല്ലാതാക്കിയെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. എന്നാൽ ഇപ്പോൾ എൻഡിഎ സഖ്യം വീണ്ടുമുപേക്ഷിച്ച് അഴിമതിക്കാരെന്ന് വിളിച്ചിരുന്ന ആർജെഡിക്കൊപ്പം ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുകയാണ് നിതീഷ് കുമാർ.

Related Articles

Latest Articles