Thursday, April 25, 2024
spot_img

ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യത്തിനു നോ എൻട്രി !!
തീയും പുകയും ശമിപ്പിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ദിവസങ്ങളായിട്ടും കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീയും പുകയും പൂർണ്ണമായും ശമിപ്പിക്കാനാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗത്തിൽ നിർണായക തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനമുണ്ടായി. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്കരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

ജൈവ മാലിന്യ സംസ്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്ത് പ്രവർത്തനയോഗ്യമാക്കും. ബ്രഹ്മപുരത്തേക്ക് റോ‍ഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവത്ക്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനു മുന്നോടിയായി ചേരും തുടങ്ങിയ തീരുമാനങ്ങളും ഇന്നത്തെ യോഗത്തിലുണ്ടായി.

യോഗത്തിൽ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കളക്ടര്‍ വിശദീകരിച്ചു. യോഗത്തില്‍ മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി, അഡിഷനല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി.വേണു, ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, അഗ്നിരക്ഷാസേന ഡയറക്ടര്‍ ബി.സന്ധ്യ, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഗ്നിരക്ഷാസേന, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പങ്കെടുത്തു.

Related Articles

Latest Articles