ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബുധനാഴ്ചത്തെ ഉത്തരവ് പിന്‍വലിച്ച് വാദം കേള്‍ക്കണമെന്ന അഡ്വ. മാത്യൂസ് നേടുമ്പാറയുടെ ആവശ്യം കോടതി തള്ളി.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ളവ ബുധനാഴ്ചയാണ് കോടതി പരിഗണിച്ചത്. പ്രധാന ഹര്‍ജികളിലെ വാദം കേട്ട കോടതി, മറ്റുള്ളവരുടെ അഭിഭാഷകരോട് വാദങ്ങള്‍ ഏഴുദിവസത്തിനുള്ളില്‍ എഴുതി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വ്യാഴാഴ്ച അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി മാത്യൂസ് നേടുമ്പാറ വിഷയം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും വാദം കേള്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.

അഭിഭാഷകര്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാം. എഴുതി നല്‍കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ വീണ്ടും തുറന്നകോടതിയില്‍ വാദത്തിന് അവസരം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.