Thursday, April 25, 2024
spot_img

ബലാക്കോട്ടില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്നോ നാളയോ വ്യക്തമാകും; മറുപടിയുമായി രാജ്നാഥ് സിംഗ്

ദില്ലി : ബലാക്കോട്ടിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന കണക്കുകള്‍ ഇന്നോ നാളെയോ വ്യക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മിന്നലാക്രമണത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണ്. എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അറിയണമെങ്കില്‍ കോണ്‍ഗ്രസ് പാകിസ്ഥാനില്‍ പോയി അന്വേഷിക്കണമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ബി.എസ്.എഫ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചോദിക്കുകയാണ് എത്ര ഭീകരര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന്. ഇന്നോ നാളെയോ അക്കാര്യങ്ങള്‍ക്ക് വ്യക്തത വരും. പാകിസ്ഥാനും അവരുടെ നേതാക്കള്‍ക്കും അറിയാം എത്ര പേര്‍ കൊല്ലപ്പെട്ടെന്ന്. വ്യോമാക്രമണത്തിന് മുന്നോടിയായി ബലാക്കോട്ടില്‍ ഏകദേശം 300 ഓളം മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീകരക്യാമ്പ് ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടതോടെ നാഷനല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍.ടി.ആര്‍.ഒ) പ്രദേശത്ത് പരിശോധന തുടങ്ങിയിരുന്നെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ആക്രമണത്തിന് ശേഷം വ്യോമസേന എത്ര പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് എടുക്കാനാണോ പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. രാഷ്ട്ര നിര്‍മ്മിതിക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടത്, അല്ലാതെ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാത്രമാവരുത് രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം, പാകിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ വ്യോമാക്രമണം നടത്തിയതെന്നും ഇതൊരു സൈനിക നടപടിയായിരുന്നില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു. ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയ അന്നുതന്നെ വിദേശകാര്യസെക്രട്ടറി വിജയ് ഖോഗലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. പക്ഷേ കൊല്ലപ്പെട്ട ഭീകരരുടെ കൃത്യമായ എണ്ണം എത്രയെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. ആക്രമണത്തില്‍ നിരവധി ജയ്ഷ് തീവ്രവാദികളും പരിശീലകരും മുതിര്‍ന്ന കമാന്‍ഡര്‍മാരും ചാവേര്‍ പരിശീലനം ലഭിച്ചവരും കൊല്ലപ്പെട്ടുവെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.

Related Articles

Latest Articles