പാകിസ്ഥാനിൽ ഹോളി ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയ കേസിൽ ഒരാൾ അറസ്റ്റിൽ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ധർക്കി ഗ്രാമത്തിൽ നിന്നാണ് രവീണ, റീന എന്നീ പെൺകുട്ടികളെ ഒരു സംഘം മുസ്ലിങ്ങൾ തട്ടിക്കൊണ്ട് പോയത്. ഇവരെ ബലം പ്രയോഗിച്ച് മതം മാറ്റുകയും പിന്നീട് രണ്ട് പുരുഷന്മാർക്ക് നിക്കാഹ് ചെയ്ത് കൊടുക്കുകയും ചെയ്തു. ഒരു പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു വിവാഹം നടന്നത്. നിക്കാഹ് നടത്താൻ സഹായിച്ച സിന്ധിലെ ഖാൻപൂർ സ്വദേശിയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

നിക്കാഹിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പാകിസ്ഥാനിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് നടപടി. പാകിസ്ഥാനിലെ ഹിന്ദു സമൂഹവും പ്രതിഷേധം ഉയർത്തി പ്രകടനങ്ങളും മറ്റും നടത്തിയതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധയിലും എത്തി. ഇതേ തുടർന്നാണ് മുഖം രക്ഷിക്കാൻ അധികൃതർ നടപടികളുമായി മുന്നോട്ട് ഇറങ്ങിയത്. പെൺകുട്ടികൾ ഇരുവരെയും രക്ഷാകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സംരക്ഷണം തേടി പെൺകുട്ടികൾ ബഹവൽപൂർ കോടതിയേയും സമീപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറിൽ നിന്ന് റിപ്പോർട്ട് തേടി.

ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനിൽ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദുക്കളും ക്രിസ്താനികളും കൊടിയ പീഡനമാണ് നേരിടുന്നത്. സിന്ധ്, പഞ്ചാബ് പ്രവിശ്യകളിൽ ന്യൂനപക്ഷ സമുദായത്തിലെ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതും മതം മാറ്റുന്നതും നിത്യ സംഭവങ്ങളാണ്.