അഹമ്മദാബാദ്: പുല്‍വാമ ഭീരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന ബലാക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 250ലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഞായറാഴ്ച അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

അഞ്ച് വര്‍ഷത്തിനിടെ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ രണ്ട് പ്രധാന തിരിച്ചടികളേക്കുറിച്ച് അമിത് ഷാ പറഞ്ഞു. ഉറിയിലും പുല്‍വാമയിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടികള്‍ നല്‍കി. പുല്‍വാമയില്‍ ആക്രമണം നടന്ന് 13-ാം ദിവസമാണ് സൈന്യം തിരിച്ചടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബലാക്കോട്ടിലെ ആക്രമണത്തേക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്റെ ആദ്യത്തെ പ്രതികരണമാണിത്. സംഭവത്തില്‍ മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാരും വ്യോമസേനയും ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. നേരത്തെ വ്യോമാക്രമണത്തെ ഭരണകക്ഷി വലുതാക്കിക്കാണിക്കുന്നുവെന്നും സൈനിക നീക്കത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപണമുയർത്തിയിരുന്നു.