Thursday, April 25, 2024
spot_img

ഓവർ കോൺഫിഡൻസ് നല്ലതല്ല !!അനായാസ വിജയം കൊതിച്ചെത്തിയ പാകിസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കി അഫ്ഗാനിസ്ഥാൻ

ഷാർജ∙ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തകർത്ത് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം. ട്വന്റി20 ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ആൾ റൗണ്ട് പ്രകടനം പുറത്തെടുത്ത മുഹമ്മദ് നബിയാണു കളിയിലെ താരം. 38 പന്തിൽ 38 റൺസെടുത്ത നബി നേരിട്ട അവസാന പന്ത് സിക്സർ പറത്തിയാണ് അഫ്ഗാനെ ചരിത്ര വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ പാക് ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ബാബർ അസം, മുഹമ്മദ് റിസ്‍വാൻ എന്നിവർക്ക് വിശ്രമമനുവദിച്ചാണ് പാകിസ്ഥാൻ കളത്തിലിറങ്ങിയത്. ബാബറിന്റെ അഭാവത്തിൽ ശതബ് ഖാനാണ് പാക് ടീമിനെ നയിച്ചത്. അഫ്ഗാൻ ബോളർമാർ തകർത്ത് പന്തെറിഞ്ഞപ്പോൾ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 92 റൺസിൽ എത്താനേ പാകിസ്ഥാന് കഴിഞ്ഞുള്ളു. 32 പന്തിൽ 18 റൺസെടുത്ത ഇമാദ് വസീമാണു പാക്കിസ്ഥാന്റെ ടോപ് സ്കോറർ.

അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫറൂഖി, മുജീബുർ റഹ്മാൻ, മുഹമ്മദ് നബി എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാൻ, 17.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം ഞായറാഴ്ച ഷാർജയിൽ വച്ച് നടക്കും.

Related Articles

Latest Articles