ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീരില്‍ അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി​ക​ളു​മാ​യി ഭ​ര​ണ​കൂ​ടം. പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​യ പി​ഡി​പി(പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) ​യു​ടെ ജ​മ്മു​വി​ലെ ഓ​ഫീ​സ് പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി സീ​ല്‍ ചെ​യ്തു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും സം​സ്ഥാ​ന​ത്ത് ക്രമസമാധാന പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുമാണ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയുടെ ഓഫീസ് പൊലീസ് സീല്‍ ചെയ്തത്. മെഹബൂബ മുഫ്തി ഓഫീസ് സന്ദര്‍ശിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു നടപടി.

പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ വികടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കുകയാണ്. വാഹനങ്ങളടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുമെന്ന ഭരണ കൂടത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്തിരിക്കുന്നത്.