Tuesday, April 23, 2024
spot_img

‘ജനങ്ങള്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു’ : ലോകം മുഴുവനും പ്രക്ഷേപണം ചെയ്യാനൊരുങ്ങി ‘മന്‍ കി ബാത്ത്’ ;വിപുലമായ ഒരുക്കത്തിൽ ബിജെപി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രക്ഷേപണം ‘മൻ കി ബാത്ത്’ 100-ാം പതിപ്പിലേക്ക് എത്തുന്നതിന്റെ പശ്ചാത്തലത്തില്‍, ലോകം മുഴുവനും പ്രക്ഷേപണം ചെയ്യാന്‍ ഒരുങ്ങുന്നു. ഇതിനുള്ള വിപുലമായ ഒരുക്കത്തിലാണ് ബിജെപി.

‘ലോക രാഷ്ട്രങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ നേതാവ് കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തികള്‍ ഇന്ന് ലോകം മുഴുവന്‍ അഭിനന്ദിക്കപ്പെടുകയാണ്. ജനങ്ങള്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ മന്‍ കി ബാത്തിന്റെ 100-ാം പതിപ്പ് കഴിയുന്നത്ര രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം’, ബിജെപി നേതൃത്വം വ്യക്തമാക്കി.

മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിക്കുന്ന പേരുകളുള്ള വ്യക്തികളെ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ആദരിക്കുന്നതിന് വേണ്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മന്‍ കി ബാത്തിന്റെ പ്രക്ഷേപണം ദില്ലിയിലെ വലിയ വേദിയില്‍ വച്ച് ജനങ്ങളെ കേള്‍പ്പിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

എല്ലാ ലോക്സഭ മണ്ഡലങ്ങളിലും100 സ്ഥലങ്ങളിലായി മന്‍ കി ബാത്ത് പ്രക്ഷേപണം നടത്തും. ഇവിടെ 100ഓളം പേര്‍ക്ക് പരിപാടി ഇരുന്ന് കേള്‍ക്കുന്നതിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കും. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അദ്ധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭഗത്തിലുമുള്ളവരുടെ സാന്നിധ്യം പരിപാടിയില്‍ ഉറപ്പുവരുത്തും. കൂടാതെ പദ്മ ഭൂഷണ്‍, പദ്മ വിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചവരെയും ചടങ്ങില്‍ ആദരിക്കും.

മന്‍ കി ബാത്ത് 100-ാം പതിപ്പിന്റെ ചുമതല ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതത്തിനും വിനോദ് താവ്ദെയ്ക്കുമാണ്. ഏപ്രില്‍ 30നാണ് പ്രക്ഷേപണം നടക്കുക. ഇന്ത്യയിലാകെ ഒരു ലക്ഷത്തിലധികം ബൂത്തുകളില്‍ 100-ാം പതിപ്പിന്റെ പ്രക്ഷേപണം സംഘടിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും ബിജെപി അറിയിച്ചു. 2014 ഒക്ടോബര്‍ മൂന്നിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മന്‍ കി ബാത്ത് ആരംഭിച്ചത്.

Related Articles

Latest Articles