ഇന്ത്യയില്‍ നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും പേരുമാറ്റം തുടരുമ്പോള്‍ സമാനമായ ഒരു വാര്‍ത്ത ഫിലിപ്പൈന്‍സില്‍ നിന്നും. രാജ്യത്തിന്‍റെ കൊളോണിയല്‍ ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പേര് മാറ്റാന്‍ ഒരുങ്ങുകയാണ് ഫിലിപ്പൈന്‍സ്. 300 വര്‍ഷം സ്പെയിനിന്‍റെ കോളനിയായിരുന്ന ഫിലിപ്പൈന്‍സിന്‍റെ പേരിന്‍റെ ഉറവിടം തന്നെ സ്പെയിനിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവില്‍ നിന്നാണ്. ഈ ‘നാണക്കേട്’ ഒഴിവാക്കണമെന്ന ആവശ്യം ഇന്ന് രാജ്യത്ത് ശക്തമാണ്.

മഹത്വമുള്ളത്, കുലീനം എന്നീ അര്‍ഥങ്ങള്‍ വരുന്ന മഹര്‍ലിക എന്ന പേരാണ് രാജ്യത്തിന് നിര്‍ദ്ദേശിക്കപ്പെടുന്നത്. ഇത് മലയ് ഭാഷയിലെ പദമാണ്.

ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്‍റും കഴിഞ്ഞദിവസം രംഗത്ത് വന്നു. ഫിലിപ്പൈന്‍സിന്‍റെ ഏകാധിപതിയായി ദീര്‍ഘകാലം ഭരണം നടത്തിയ പ്രസിഡന്‍റ് മാര്‍ക്കോസാണ് ആദ്യം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വന്തം സംസ്കാരത്തെയും രാജ്യത്തേയും കുറിച്ചുള്ള അഭിമാനം ഇതിലൂടെ വര്‍ധിക്കുമെന്നാണ് ഫിലിപ്പൈന്‍സിലെ മാധ്യമങ്ങളുടെ വിലയിരുത്തല്‍.