Thursday, April 25, 2024
spot_img

31,500 കോടിയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് രാജ്യത്തിന്റെ പ്രധാനമന്ത്രി ; തമിഴ് ഭാഷയും സംസ്‌കാരവും ജനങ്ങളും ഏറ്റവും മികച്ചതെന്ന് നരേന്ദ്രമോദി

 

ചെന്നൈ : തമിഴ്നാട്ടിൽ 31,500 കോടിയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ ജവഹർലാൽ സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് വിവിധ ജനക്ഷേമ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ലൈറ്റ് ഹൗസ് പ്രൊജക്ടിന് കീഴിൽ നിർമ്മിച്ച 1152 വീടുകളുടെ ഉദ്ഘാടനം സ്റ്റാലിനും നിർവ്വഹിച്ചു. കൂടാതെ ബാംഗ്ലൂർ-ചെന്നൈ എക്സ്പ്രസ് വേ പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്ന് ചെന്നൈയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.ബാംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ രണ്ട് പ്രധാന വികസന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ചെന്നൈ തുറമുഖത്തെ മധുരവോയലുമായി ബന്ധിപ്പിക്കുന്ന 4-വരി എലിവേറ്റഡ് റോഡ്, ചെന്നൈ തുറമുഖത്തെ കൂടുതൽ കാര്യക്ഷമമാക്കാനും നഗര ഗതാഗതം കുറയ്‌ക്കാനും സഹായിക്കും. ചെന്നൈ എഗ്മോർ, രാമേശ്വരം, മധുര, കാട്പാടി, കന്യാകുമാരി എന്നിങ്ങനെ തമിഴ്നാട്ടിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളുടെ പുനർനവീകരണത്തിനും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചു.

”സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം 1800 കോടി രൂപ ചെലവിൽ പൂർത്തീകരിക്കാനാണ് തീരുമാനം. ആധുനിക വിദ്യകളിലൂടെ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. നെരലുരിൽ നിന്ന് ധർമ്മപുരിയിലേക്കും മീൻസുരുട്ടിയിൽ നിന്ന് ചിദംബരത്തിലേക്കും ഉള്ള റെയിൽവേ സൗകര്യം വികസിപ്പിച്ചാൽ നിരവധി നേട്ടങ്ങൾ ഉണ്ടാകും. 5 റെയിൽവേ സ്റ്റേഷനുകൾ പുനർനവീകരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട്. ഭാവിയിൽ ജനങ്ങൾക്ക് വേണ്ട ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ നവീകരണവും വികസനവും നടത്തുന്നത്”- നരേന്ദ്രമോദി പറഞ്ഞു.മാത്രമല്ല പ്രധാനമന്ത്രി-ആവാസ് യോജനയ്‌ക്ക് കീഴിൽ ചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ച ചെന്നൈയിലെ ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ താങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദവുമായ വീടുകൾ നിർമ്മിക്കുന്നതിനുള്ള ഒരു വെല്ലുവിളിയാണ് ഏറ്റെടുത്തത്. അത് ചെന്നൈയിൽ ആയതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”തമിഴ്നാട്ടിലെ ജനങ്ങളും സംസ്‌കാരവും ഭാഷയും എല്ലാം വളരെ മികച്ചതാണ്. എല്ലാ മേഖലയിലും സംസ്ഥാനത്ത് നിന്ന് ഏതെങ്കിലും ഒരാൾ മികവ് പുലർത്തുന്നു. ബധിര ഒളിമ്പിക്സിൽ രാജ്യം നേടിയ 16 മെഡലുകളിൽ 6 മെഡലുകളും തമിഴ്നാട്ടിൽ നിന്നുള്ള യുവാക്കളാണ് നേടിത്തന്നത്. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും കൂടുതൽ ജനകീയമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഈ വർഷം ജനുവരിയിൽ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസ് ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഫണ്ടിംഗ് പൂർണമായും കേന്ദ്ര സർക്കാരാണ് നടത്തുന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ചെന്നൈയിൽ 1430 കോടി രൂപയുടെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചു. ഇത് ഇന്റർമോഡൽ ചരക്ക് നീക്കത്തിനും ഒന്നിലധികം പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്താനാകുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ചെന്നൈ തുറമുഖത്തെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രമാക്കാനും ചെന്നൈയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കിന് തറക്കല്ലിട്ടുവെന്നും രാജ്യത്തെ മറ്റിടങ്ങളിലും ഇത്തരം പാർക്കുകൾ വികസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles