Friday, March 29, 2024
spot_img

‘പോപ്പുലർ ഫ്രണ്ടിനെ ആർ.എസ്. എസ്.മായി താരതമ്യം ചെയ്ത് ഇസ്ലാമിക ഛിദ്രശക്തികളുടെ പിന്തുണ ഉറപ്പു വരുത്താനുള്ള മത്സരത്തിലാണ് സി.പി.എം കോൺഗ്രസ് പാർട്ടികൾ; ‘ഇടത് വലത് നേതാക്കളുടെയും നാവിലൂടെ പുറത്തുവന്നത് പോപ്പുലർ ഫ്രണ്ടിന്റെ ശബ്ദം’, തുറന്നടിച്ച് കുമ്മനം രാജശേഖരൻ

പോപ്പുലർ ഫ്രണ്ടിനെ ആർ.എസ്. എസ്.മായി താരതമ്യം ചെയ്ത് ഇസ്ലാമിക ഛിദ്രശക്തികളുടെ പിന്തുണ ഉറപ്പു വരുത്താനുള്ള മത്സരത്തിലാണ് സി.പി.എം കോൺഗ്രസ് പാർട്ടികൾ എന്ന് കുമ്മനം രാജശേഖരൻ. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിൽ മറ്റ് പാർട്ടികളുടെ നിലപാടിനെ കുറിച്ചാണ് അദ്ദേഹം തുറന്നടിച്ചത്. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ‘ഇടത് വലത് നേതാക്കളുടെയും നാവിലൂടെ പുറത്തുവന്നത് പോപ്പുലർ ഫ്രണ്ടിന്റെ ശബ്ദമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്;

തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് കേന്ദ്ര സർക്കാർ നിരോധിച്ചു. ഉത്തരവും വന്നു കഴിഞ്ഞു. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെ ആർ.എസ്. എസ്.മായി താരതമ്യം ചെയ്ത് ഇസ്ലാമിക ഛിദ്രശക്തികളുടെ പിന്തുണ ഉറപ്പു വരുത്തുവാനുള്ള മത്സരത്തിലാണ് സി.പി.എം. ഉം കോൺഗ്രസും .

ആർ. എസ്.എസ്.നെ ആദ്യം നിരോധിക്കണമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആവശ്യം. പോപ്പുലർ ഫ്രണ്ടും ആർ.എസ്.എസും ഒരു പോലെയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്. ഇരു നേതാക്കളുടെയും നാവിലൂടെ പുറത്തുവന്നത് പോപ്പുലർ ഫ്രണ്ടിന്റെ ശബ്ദമാണ്. പോപ്പുലർ ഫ്രണ്ട് പറഞ്ഞിരുന്നത് ആവർത്തിക്കുക മാത്രമാണ് ഈ നേതാക്കൾ ചെയ്യുന്നത്.

ഭാരതത്തെ അമ്മയായി കാണുകയും ഭാരതാംബയെ ലോകത്തിലെ പരമവൈഭവത്തിലെത്തിക്കുമെന്നും പ്രതിജ്ഞ ചെയ്ത് അതിനായി തനവും മനവും ധനവും സമർപ്പണം ചെയ്യുന്ന ആർ.എസ്.എസ്. എവിടെ, ഭാരതത്തെ പല കഷണങ്ങളാക്കി മുറിച്ച് ഇവിടം പാകിസ്താന് അടിയറ വയ്ക്കുവാൻ പ്രതിജ്ഞാബദ്ധരായ പോപ്പുലർ ഫ്രണ്ടുകാർ എവിടെ ? സത്യാവസ്ഥ അറിയാതെയല്ല ദുഷ്പ്രചരണം. രാഷ്ട്ര വിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ട് ഇവിടെ ഭീകരവാദികളുടെ താവളമാക്കാൻ ശ്രമിക്കുന്നവരെ അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ഉറച്ച നിലപാടുകളുമായി പോകുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണ് ഈ അവസരവാദികൾ.

ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഇന്ത്യൻ ഏജന്റുമാരായ പോപ്പുലർ ഫ്രണ്ടു മായും അവരുടെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐ.യുമായും തരം പോലെ രഹസ്യ ബാന്ധവത്തിൽ ഏർപ്പെട്ടിട്ടുള്ള സി.പി.എം. ഉം കോൺഗ്രസും അവരെ വെള്ള പൂശാൻ ഇറങ്ങിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.
സ്വന്തം വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് അഭിമന്യുവിനെ നിഷ്ഠൂരമായി വധിച്ചിട്ടും കുറ്റകൃത്യം നടത്തിയ പോപ്പുലർ ഫ്രണ്ടിനെപ്പറ്റി നിശബ്ദത പാലിച്ച സി.പി.എം. നിലപാട് കേരളം മറന്നിട്ടില്ല. നബി നിന്ദ നടത്തിയെന്ന് പ്രചരിപ്പിച്ച് കോളേജ് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിൽ സി.പി.എം നേതാവും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി കുറ്റം കണ്ടത് പോപ്പുലർ ഫ്രണ്ടിലായിരുന്നില്ല , അധ്യാപകനിലായിരുന്നു. ഇതിന്റെ രാഷ്ട്രീയവും എല്ലാവർക്കുമറിയാം. ഒന്നോർക്കുക – രാഷ്ട്രമില്ലെങ്കിൽ നിങ്ങളുടെ രാഷ്ട്രീയം ഇല്ല.

കേരളത്തെ മുസ്ലീം രാജ്യമാക്കാൻ ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട് എന്ന് മുഖ്യമന്ത്രിയായിരിക്കെ സി.പി.എം. ന്റെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ പറഞ്ഞതിനെപ്പറ്റി പാർട്ടി നേതാക്കൾക്ക് ഓർമ്മയുണ്ടോ ആവോ !

Related Articles

Latest Articles