Thursday, April 25, 2024
spot_img

തനിക്ക് രാഷ്ട്രീയമില്ല; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്ന് മോഹന്‍ലാല്‍

ദില്ലി ; തനിക്ക് രാഷ്ട്രീയമില്ലെന്ന് തുറന്നു പറഞ്ഞ് നടൻ മോഹന്‍ലാല്‍. ഈ നിലപാടില്‍ മാറ്റമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്നും അദ്ദേഹം
ദില്ലിയില്‍ പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ പത്മഭൂഷണ്‍ പുരസ്‌കാരം വാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്മഭൂഷണ്‍ മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണ്. രാജ്യം നല്‍കുന്ന അംഗീകാരം സ്വീകരിക്കുമ്പോള്‍ വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും അഭിമാനം തോന്നുന്നു. തന്നോടൊപ്പം സഞ്ചരിച്ചവര്‍ക്കും ഇപ്പോള്‍ സഞ്ചരിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുള്ള അവസരങ്ങളില്‍ കൂടെ നിന്ന കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നു.

കൂടുതല്‍ പത്മ പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ളതാണ് മലയാള സിനിമാ ലോകം. ഒരുപാട് അംഗീകാരങ്ങള്‍ മലയാള സിനിമയെ തേടിയെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിനൊപ്പം സര്‍ദാര്‍ സുഖ്‌ദേവ് സിങ് ദിന്ദ്‌സ, ഹുകും ദേവ് നാരായണ്‍, അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് വേണ്ടി ഭാര്യ ഭാരതി നയ്യാര്‍ തുടങ്ങിയവര്‍ പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങി.

സംവിധായകനും നടനുമായ പ്രഭുദേവ, സംഗീത സംവിധായകന്‍ ശങ്കര്‍ മഹാദേവന്‍, കൊട്ടുവാദ്യ വിദഗ്ധന്‍ ആനന്ദന്‍ ശിവമണി, ഇന്ത്യന്‍ കബഡി ടീം ക്യാപ്റ്റന്‍ അജയ് താക്കൂര്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കര്‍, ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ ഹരിക ദ്രോണവല്ലി, ഗുസ്തി താരം ബജ്‌രംഗ് പൂനിയ തുടങ്ങിയവര്‍ പത്മശ്രി പുരസ്‌കരവും ഏറ്റുവാങ്ങി. 112 പുരസ്‌കാര ജേതാക്കളില്‍ 56 പേര്‍ക്കാണ് തിങ്കളാഴ്ച പുരസ്‌കാരങ്ങള്‍ നല്‍കിയത്. മറ്റുള്ളവര്‍ക്കുള്ള പുരസ്‌കാരദാനം മാര്‍ച്ച്‌ 16ന് നടക്കും.

Related Articles

Latest Articles