Thursday, April 25, 2024
spot_img

പ്രളയകാലത്ത് അനുവദിച്ച അരിക്ക് വില നൽകണം;അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രളയകാലത്ത് അരിക്ക് വില നൽകണമെന്ന് കേരളത്തിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ.അരിയുടെ വിലയായ 205.81 കോടി നൽകണമെന്നാണ് നിർദ്ദേശം.തിരിച്ചടക്കാത്തപക്ഷം
അടുത്ത വർഷത്തെ എസ്.ഡി.ആർ.എഫിലെ( കേന്ദ്ര ദുരിതാശ്വാസ നിധി) സംസ്ഥാന വിഹിതത്തിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് പണം തിരിച്ചടക്കാൻ കേരളം തീരുമാനിച്ചു.

89,540 മെട്രിക് ടൺ അരി കേരളത്തിന് കേന്ദ്രം അധികം അനുവദിച്ചിരുന്നു. തൽക്കാലം വില ഈടാക്കാതെ അരി നൽകാനായിരുന്നു എഫ്‌സിഐയ്ക്കു നൽകിയ നിർദ്ദേശം. അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കിൽ നൽകണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. കേന്ദ്ര നിലപാടിനെതിരെ വിമർശനം ഉയർന്നപ്പോൾ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ഒരുമാസത്തെ റേഷൻ വിഹിതമായ 1.18 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.

പണമടക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനത്തിനുമേൽ എഫ്‌സിഐ.യുടെ സമ്മർദം മുറുകിയതോടെ ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിരുന്നു. എന്നാൽ കഴിഞ്ഞ ജൂലായിൽ ഈ പണമടക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ തന്നെ കേരളത്തിന് കത്തെഴുതി.

കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്‌സിഡിയിൽ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ കേന്ദ്രത്തിന് പണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായത്. കേന്ദ്ര സർക്കാരിൽ പലവിധത്തിൽ സമ്മർദ്ദം ചെലുത്താൻ സർക്കാർ ശ്രമിച്ചെങ്കിലും പണം നൽകാതെ പറ്റില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

നേരത്തേ മഹാപ്രളയകാലത്ത് നാവിക സേനയുടെയും വ്യോമസേനയുടെയും സഹായത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രി പലതവണ കത്തയച്ചതിനെ തുടർന്ന് ഫീസ് ഈടാക്കുന്നതിൽനിന്ന് കേന്ദ്രം പിൻവാങ്ങി. ഇതു പരിഗണിച്ചാണ് ഇപ്രാവശ്യവും കത്തയച്ചതെങ്കിലും ഫലമുണ്ടായില്ല.

Related Articles

Latest Articles