ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ ഗുരുതിതർപ്പണത്തിനായുള്ള മിശ്രിതത്തിൽ ചുണ്ണാമ്പിന് പകരം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തിപ്പെടുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ രണ്ട് ജീവനക്കാർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയെങ്കിലും മറ്റ്‌ ശിക്ഷണ നടപടികൾ കൈക്കൊണ്ടിട്ടില്ല. ഇത് ഭക്തരുടെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. നാല് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് വിവാദ സംഭവം. കീഴ്ക്കാവ് ഭഗവതിയുടെ ഗുരുതി തർപ്പണത്തിനായുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ചേർക്കുന്ന ചുണ്ണാമ്പിന് പകരം ജീവനക്കാർ കലക്കിയത് ബ്ലീച്ചിംഗ് പൗഡറായിരുന്നു. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് മേൽശാന്തി ഉരുളി മാറ്റി വയ്ക്കുകയും ഗുരുതിതർപ്പണത്തിന് പുതിയ മിശ്രിതം ഉണ്ടാക്കി ചടങ്ങ് നടത്തുകയും ചെയ്തു. തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷണമുണ്ടായത്.

ഓരോ ക്ഷേത്രത്തിലെയും വിഗ്രഹത്തിന്റെ ഘടനയും ചൈതന്യഭാവവും അനുസരിച്ചാണ് പൂജാവിധികളും അർച്ചനകളും അഭിഷേകവുമൊക്കെ നിശ്ചയപ്പെട്ടിട്ടുള്ളത്. ബ്ലീച്ചിംഗ് പൗഡർ കലക്കിയത് ബിംബത്തിന് അശുദ്ധിയും ചൈതന്യലോപവും ലക്ഷ്യമിട്ടാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഭക്തർക്കിടയിൽ സംഭവത്തെ തുടർന്ന് പ്രതിഷേധമിരമ്പുകയാണ്.