Wednesday, April 24, 2024
spot_img

പാക് സേനയും ചാരസംഘടന ഐ എസ് ഐയും തമ്മിൽ ഭിന്നത; സേനാ മേധാവിക്ക് ഇമ്രാൻ ഖാൻ വിരമിക്കലിനു ശേഷം ഉയർന്ന പദവികൾ വാഗ്ദാനം ചെയ്തിരുന്നതായി ഐ എസ് ഐ മേധാവി; രാഷ്ട്രീയ അനിശ്ചിതത്വത്തിനു പുറമെ പാകിസ്ഥാൻ സൈന്യത്തിലും ഭിന്നത രൂക്ഷം

പാകിസ്ഥാനിലെ രാഷ്ട്രീയത്തിൽ സൈന്യത്തിന് അവഗണിക്കാനാകാത്ത പങ്കുണ്ട്. ചാര സംഘടനയായ ഐ എസ് ഐ എപ്പോഴും സൈന്യത്തിന്റെ ഭാഗമാണ്. സൈന്യവും ഐ എസ് ഐ യും തമ്മിൽ അഭിപ്രായ ഭിന്നത പാകിസ്ഥാന്റെ ചരിത്രത്തിൽ കാണാനാകില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെയല്ല സൈന്യത്തിന്റെ ആജ്ഞകളാണ് ഇപ്പോഴും ഐ എസ ഐ കേൾക്കാറുള്ളത്. പക്ഷെ അഴിമതിയിൽ ലോകത്തിൽ ഒന്നാമത്തെ നിൽക്കുന്ന സൈന്യവും പാക് സൈന്യമാണ് എന്നത് മറ്റൊരു വസ്തുതയാണ്. പക്ഷെ പാകിസ്താന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവിധം സൈന്യവും ഐ എസ് ഐ യും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അളവില്ലാത്ത പിന്തുണയാണ് സൈന്യം നല്കിവന്നത്. പക്ഷെ ഐ എസ് ഐ പലപ്പോഴും ഇമ്രാനൊട് ഇടഞ്ഞിരുന്നു. സർക്കാരിന് നൽകിയ അളവില്ലാത്ത പിന്തുണയ്ക്ക് പാക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്ക് വിരമിക്കലിനു ശേഷം വലിയ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നതായുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ ആണ് വരുന്നത്. ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് ഐ എസ് ഐ മേധാവി ലഫ്റ്റനന്റ് ജനറൽ നദീം അഹമ്മദ് അൻജൂം ആണെന്നത് സംഭവത്തിന്റെ സൗരവം വർധിപ്പിക്കുന്നു.

അധികാരത്തിൽ നിന്ന് പുറത്തായെങ്കിലും ഇമ്രാൻ ഖാൻ ഇപ്പോൾ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ഈ പ്രക്ഷോഭങ്ങൾക്ക് വലിയ പിന്തുണയാണ് ഇപ്പോൾ പാക് ജനത നൽകുന്നത്.ലാഹോറിലെ ലിബർട്ടി ചൗക്കിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഇമ്രാൻ ഖാൻ മാർച്ച് ആരംഭിച്ചിരുന്നു. ഈ മാർച്ച് നവംബർ നാലിന് ഇസ്ലാമാബാദിലെത്തും. നേരത്തെ, പ്രതിഷേധ റാലി നടത്താൻ തന്റെ പാർട്ടിയെ അനുവദിക്കുന്നതിന് ഇമ്രാൻ സർക്കാരിനോട് ഔപചാരിക അനുമതി തേടിയിരുന്നു. എന്നിരുന്നാലും, ഇമ്രാൻ ഇസ്ലാമാബാദിലെ റാലി അവസാനിപ്പിക്കുമോ അതോ 2014 ലെ തന്റെ പ്രതിഷേധത്തിന്റെ മാതൃകയിൽ ഒരു കുത്തിയിരിപ്പ് സമരമാക്കി മാറ്റുമോ എന്ന് വ്യക്തമല്ല. ക്രമസമാധാനം തകർന്നാൽ നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകി. ഭരണമാറ്റത്തിന് ശേഷം പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഇന്ധനവില വർധനവും ഊർജ്ജ പ്രതിസന്ധിയും രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിൽ പൊതുജന വികാരം പൂർണ്ണമായും സർക്കാരിനെതിരാണ്. ഇമ്രാൻ ഖാന് വലിയ പിന്തുണയും നൽകുന്നു.

ദിവസങ്ങൾക്ക് മുമ്പ് നടന്ന ഇടക്കാല തെരെഞ്ഞെടുപ്പിൽ വലിയ വിജയമാണ് ഇമ്രാൻ ഖാന്റെ പാർട്ടി നേടിയത്. ദേശീയ അസെംബ്ലിയിലേക്ക് 08 സീറ്റുകളിൽ നടന്ന തെരെഞ്ഞെടുപ്പിൽ 06 ലും ഇമ്രാന്റെ പാർട്ടി വലിയ വിജയങ്ങൾ നേടിയിരുന്നു. പഞ്ചാബ് പ്രവിശ്യയിൽ രണ്ട് സീറ്റുകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ രണ്ടിലും ഇമ്രാൻ ഖാൻ വിജയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐ എസ് ഐ മേധാവിയുടെ ആരോപണം വരുന്നത്. ആരോപണങ്ങൾ ഇമ്രാൻ ഖാൻ നിഷേധിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും താല്പര്യങ്ങളന് സംരക്ഷിക്കേണ്ടതുണ്ട് അതിനാൽ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതാണ് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തെ ഏതാനും ചില എം പി മാർ പിന്തുണ പിൻവലിച്ചതിനാലാണ് മാസങ്ങൾക്ക് മുന്നേ ഇമ്രാൻ ഖാന് അധികാരം നഷ്ടമായത്.

പക്ഷെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകാതിരുന്ന ഖാൻ വലിയ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുന്നു എന്ന വ്യക്തമായ സൂചനകളുണ്ട്. അതേസമയം പാക് ദേശീയ അസെംബ്ലിയിൽ നിന്ന് ഇമ്രാൻ ഖാനെ അയോഗ്യനാക്കുകയും തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഐ എസ് ഐ മേധാവി സേനാ മേധാവിക്കെതിരെയും ഇമ്രാൻ ഖാനെതിരെയും ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ പാകിസ്ഥാനിൽ നിലവിലുള്ള സർക്കാരിനുവേണ്ടി സംസാരിക്കുകയാണെന്നും. സർക്കാരിലെ അഴിമതിക്കാരെക്കുറിച്ച് ഐ എസ് ഐ മേധാവി ഒന്നും പറയുന്നില്ലെന്നും ഇമ്രാൻഖാൻ ആരോപിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരെഞ്ഞെടുപ്പ് പാകിസ്ഥാനിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിർണ്ണായകമാണ്. എന്നാൽ ഉപതെരെഞ്ഞെടുപ്പുകളുടെ ഫലങ്ങൾ നൽകുന്ന സൂചന അനുസരിച്ച് ഇമ്രാൻ ഖാൻ പ്രതീക്ഷിക്കുന്ന വിജയം പാകിസ്ഥാനിൽ നേടുമെന്ന് തന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് സൈന്യത്തിലും ഭിന്നതയുടെ സൂചനകൾ പുറത്തുവരുന്നത്

Related Articles

Latest Articles