രാജ്യത്തെ നടുക്കിയ ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിൻ്റെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്. പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് ധറാണ് കാർ ഓടിച്ചതെന്നാണ് റിപ്പോർട്ട്. ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്ക്വാഡ് അംഗമാണ് അദിൽ. ഒരാള്‍ വിചാരിച്ചാലും ഇത്രയും വലിയ ആക്രമണം നടക്കുമെന്ന സൂചന നല്‍കുകയാണ് ഇതിലൂടെ ജയ്ഷെ മുഹമ്മദ് ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.

അപകടത്തിന് ശേഷം പുറത്ത് വിടാനുള്ള വീഡിയോ തയ്യാറാക്കിയ ശേഷമാണ് അദില്‍ അഹമ്മദ് ധര്‍ ആക്രമണത്തിന് തയ്യാറെടുത്തത്. ജയ്ഷെ മുഹമ്മദിന്റെ സംഘത്തിലുള്ള ആളാണെന്ന് തെളിയിക്കാന്‍ ജെയ്ഷയുടെ പോസ്റ്റര്‍ പശ്ചാത്തലത്തിലുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കുമെന്നു വീഡിയോയില്‍ അദില്‍ മുഹമ്മദ് ധര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ജെയ്ഷെയില്‍ ചേര്‍ന്നതെന്നും ഇപ്പോഴാണ് ജെയ്ഷയില്‍ ചേര്‍ന്നതിന് അര്‍ത്ഥമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതെന്നും ഇത് കശ്മീരിലെ ജനതയ്ക്കുള്ള എന്റെ അവസാന സന്ദേശമാണെന്നും വീഡിയോയിൽ ഇയാൾ പറയുന്നു.