Friday, April 19, 2024
spot_img

വിവാദ ‘മോദി’ പരാമർശത്തിൽ രാഹുലിനെതിരെ ബിഹാർ കോടതിയിലും കേസ്! നേരിട്ട് ഹാജരായി മൊഴിനൽകാൻ ആവശ്യപ്പെട്ട് രാഹുലിന് നോട്ടീസ്; ഹർജിക്കാരൻ മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി

പറ്റ്ന: വിവാദ ‘മോദി’ പരാമർശത്തിൽ സൂറത്ത് ജില്ലാക്കോടതിയുടെ ശിക്ഷാവിധിക്കും പാർലമെന്റ് അംഗത്വം റദ്ദായതിനും പുറകെ രാഹുൽഗാന്ധിക്കെതിരെ ബിഹാറിലും കേസ്. പറ്റ്ന കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽചെയ്തിരിക്കുന്നത്. മുൻ ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയാണ് ഹർജിക്കാരൻ. കേസിൽ നേരിട്ട് ഹാജരാകാൻ രാഹുൽഗാന്ധിക്ക് നോട്ടീസും അയച്ചിരിക്കുകയാണ് കോടതി. സൂറത്ത് കോടതി ഇതേ കുറ്റത്തിന് രാഹുലിന് പരമാവധി ശിക്ഷയായ രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു. പിന്നാലെ പാർലമെന്റ് അംഗത്വവും റദ്ദായിരുന്നു.

അതേസമയം സൂറത്ത് ജില്ലാക്കോടതി വിധിക്കെതിരെ രാഹുൽഗാന്ധി ഇനിയും അപ്പീൽ സമർപ്പിച്ചിട്ടില്ല. സൂറത്ത് മജിസ്ട്രേട്ട് കോടതി ഉത്തരവ് വന്ന് ഒരാഴ്ച തികഞ്ഞിട്ടും സെഷൻസ് കോടതിയിൽ അപ്പീൽ നൽകാത്തത്, തിരക്കു കൂട്ടേണ്ടെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം കണക്കിലെടുത്തെന്ന് സൂചന. 2 വർഷത്തേക്കു ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകേണ്ടതില്ലെന്നും ജയിലിൽ പോകാൻ തയാറാണെന്നുമാണ് ഏതാനും ദിവസം മുൻപു വരെ രാഹുൽ നേതൃത്വത്തെ അറിയിച്ചിരുന്നത്. അപ്പീൽ നൽകുന്നതിനു കോടതി അനുവദിച്ച 30 ദിവസത്തെ സാവകാശം വേണ്ടെന്നും നേരെ ജയിലിലേക്കു പോകാമെന്നും ചർച്ചകളിൽ രാഹുൽ നിലപാടെടുത്തു.അത്തരമൊരു നീക്കം രാജ്യത്തുടനീളം അനുകൂലവികാരം സൃഷ്ടിക്കാൻ സഹായിക്കുമെന്നു നേതൃത്വം കണക്കുകൂട്ടിയെങ്കിലും കടുത്ത മാർഗം തൽക്കാലം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കോടതി വിധിച്ച ശിക്ഷ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും.

Related Articles

Latest Articles