Thursday, March 28, 2024
spot_img

ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തം;തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെ പ്രവർത്തിക്കുന്നത് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം,ഒഴിവായത് വൻ ദുരന്തം

കണ്ണൂര്‍:ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തത്തിൽ ഒഴിവായത് വൻ ദുരന്തമെന്ന് റെയിൽവേ വ്യക്തമാക്കി.തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ഒരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞ് പോയത്.വലിയ അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് പ്രതി കൃത്യം നടത്തിയതെന്നും റെയിൽവേ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികള്‍ അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഫോറന്‍സിക് പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കൂ എന്നാണ് റെയില്‍വേയുടെ വിശദീകരണം. കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.ഇതുവഴിയാകാം അക്രമി തീവയ്ക്കാനായി ട്രെയിനിനുള്ളിലേക്ക് കയറിയതെന്നാണ് സംശയം.കോച്ചിന് തീപിടിക്കുന്നതിന് തൊട്ടുമുന്‍പ് കാനുമായി ബോഗിയിലേക്ക് ഒരാള്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചാണ് കൂടുതൽ അന്വേഷണങ്ങൾ നടത്തുക.തീപിടിച്ച കോച്ച് പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. അതിനിടെ സംഭവത്തെ കുറിച്ച് റെയില്‍വേ പൊലീസില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ഇപ്പോള്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.

Related Articles

Latest Articles