റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്ന് കോടതിയില്‍ അറിയിച്ചു. കൂടാതെ ‘ദ് ഹിന്ദു’ ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണെന്നും ഔദ്യോഗിക രഹസ്യ നിയമം (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും, വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ദ ഹിന്ദു ചീഫ് എഡിറ്റര്‍ എന്‍ റാം നല്‍കിയ കത്ത് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിനോട് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടപ്പോള്‍ കേസില്‍ പുതിയ രേഖകള്‍ പരിശോധിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജി ആയതിനാല്‍ പഴയ രേഖകള്‍ മാത്രമെ പരിശോധിക്കാനാകൂവെന്നും കോടതി അറിയിച്ചു.

റഫാല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഉയര്‍ത്തിക്കാട്ടുന്നത് പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് മോഷ്ടിച്ച രേഖകളാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആരോപിച്ചു. മോഷ്ടിച്ച രേഖകളെ ആധാരമാക്കിയാണ് വാദവും വാര്‍ത്തകളും വരുന്നത്. ഇത് കോടതി നടപടികളെ സ്വാധീനിക്കാനാണെന്നും കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും കെ.കെ വേണുഗോപാല്‍ വാദിച്ചു. രേഖകള്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു മുതിര്‍ന്ന അഭിഭാഷകര്‍ക്കുമെതിരെ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

റാഫേല്‍ ഇടപാട് ശരിവെച്ച ഡിസംബര്‍ 14-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ്, എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.