Friday, March 29, 2024
spot_img

പമ്പയൊരുങ്ങി അയ്യന്റെ പള്ളി നീരാട്ടിനായി; ശബരിമല പൈങ്കുനി ഉത്സവത്തിന് സമാപനം കുറിച്ച് നാളെ ആറാട്ട്

പമ്പ : പത്തു ദിവസത്തെ പൈങ്കുനി ഉത്സവത്തിന് സമാപനം കുറിച്ച് നാളെ പമ്പയിൽ ആറാട്ടു നടക്കും .

ഒൻമ്പതാം ഉത്സവദിവസമായ ഇന്ന് രാത്രി അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം 10 മണിയോടെ പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ആനപ്പുറത്താണ് അയ്യപ്പൻ പള്ളിവേട്ടയ്ക്കായി പുറപ്പെടുന്നത്. വേട്ടക്കുറുപ്പ് റാന്നി പെരുനാട് പുന്നമൂട്ടിൽ രവീന്ദ്രനാഥപിള്ളയും അകമ്പടിയായി ഉണ്ടാകും. ശരംകുത്തിയിൽ താത്‌കാലികമായി ഉണ്ടാക്കുന്ന വനത്തിലാണ് പള്ളിവേട്ട. തുടർന്ന് പരമ്പരാഗത ചടങ്ങായ നായാട്ടുവിളിയും നടക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക . വാദ്യമേളത്തിന്റെ അകമ്പടിയിലാണ് തിരിച്ചെഴുന്നള്ളത്ത്.

അയ്യപ്പൻറെ ജന്മദിനമായ നാളെ പൈങ്കുനി ഉത്രം നാളിൽ പുലർച്ചെ പശുവിനെ കണികാണിച്ച് പള്ളിയുണർത്തൽ നടത്തി അഭിഷേകവും ആറാട്ടുബലിയും നടത്തും. എട്ടുമണിയോടെ പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. 11 മണിയോടെ പമ്പയിലെ ആറാട്ടുകുളത്തിൽ ആറാട്ട് നടക്കും. തുടർന്ന് പമ്പയിലെ ആറാട്ട് മണ്ഡപത്തിലേക്ക് എഴുന്നള്ളുന്ന അയ്യപ്പൻ ഭക്തർക്ക് ദർശനം നൽകും. വൈകീട്ട് നാലുമണിയോടെ തിരിച്ചു പുറപ്പെടുന്ന ആറാട്ട് ഘോഷയാത്ര ആറരയോടെ സന്നിധാനത്ത് വന്നശേഷം കൊടിയിറക്കു നടക്കും. തുടർന്ന് ആറാട്ടു കലശവും ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് ശബരിമല നട അടയ്ക്കും.

അതേസമയം, ദക്ഷിണ മേഖല എ ഡി ജി പി മനോജ് എബ്രഹാം ഇന്ന് ശബരിമലയില്‍ എത്തും. അയ്യപ്പ ഭക്തനെ മര്‍ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് എഡി ജിപിയുടെ സന്ദര്‍ശനം.
ചങ്ങനാശ്ശേരി സ്വദേശി ഗണേശനെ ആണ് പൊലീസ് മര്‍ദ്ദിച്ചത്. ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനം.എസ്.പി സുജിത് ആണ് മര്‍ദ്ദിച്ചത്.
നടപ്പന്തലില്‍ ഇരിക്കുന്ന അയ്യപ്പ ഭക്തരെ പൊലീസ് ഇറക്കിവിടാന്‍ ശ്രമിച്ചതിനെതിരെ ഗണേശന്‍ പ്രതികരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. ഇദ്ദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .

Related Articles

Latest Articles