Friday, April 26, 2024
spot_img

തേക്കടിയിൽ കാണാൻ ആറിടങ്ങൾ ;വേണ്ടത് ഒരൊറ്റ ദിവസം, ചിലവും കയ്യിലൊതുങ്ങും

തേക്കടി.. പച്ചപ്പു നിറഞ്ഞ കാഴ്ചകളും കണ്ണെത്തുന്നിടത്തെല്ലാം കാടും പിന്നെ എല്ലാ ദിക്കിൽ നിന്നും വന്നെത്തുന്ന ഏലത്തിന്‍റെ സുഗന്ധവും കൂടിനിൽക്കുന്ന നാട്. എത്ര കണ്ടിട്ടുണ്ടെന്നു പറഞ്ഞാലും വീണ്ടും വീണ്ടും ഇവിടേക്ക് യാത്ര ചെയ്തുവരുവാന്‍ കാരണങ്ങളൊന്നും വേണ്ട. ഒന്നും പറയാതെ തന്നെ മനസ്സിൽ കയറിപ്പറ്റുന്ന തേക്കടി ആരും ഇഷ്ടപ്പെട്ടു പോകുന്ന ഇടമാണ്.തേക്കടിയിലേക്ക് ഏകദിന യാത്ര എന്നു കേൾക്കുമ്പോൾ പലർക്കും നെറ്റിചുളിയും. തേക്കടിയുടെ വൈബും രസങ്ങളും കാടും ആസ്വദിക്കുവാൻ കുറഞ്ഞത് ഒരു രാത്രിയെങ്കിലും ചിലവഴിക്കണം. എന്നാൽ ഒറ്റപകലിലേക്കാണ് ഇവിടേക്ക് സാധാരണക്കാരായ സഞ്ചാരികൽ എത്തുന്നത്.

പെരിയാർ വന്യജീവി സങ്കേതം

തേക്കടിയിലേക്ക് ആളുകൾ എത്തുന്നത് തന്നെ പെരിയാർ വന്യജീവി സങ്കേതം കാണുവാനും ഇവിടുത്തെ പ്രസിദ്ധമായ ബോട്ടിങ് ആസ്വദിക്കുവാനുമാണ്. കാടിനു നടുവിലൂടെ പോകുന്ന ബോട്ടിങ്ങില് ഇരുവശത്തും ആനകളും കാട്ടുപോത്തുകളും ഉൾപ്പെടെയുള്ള വന്യജീവികളെ കാണാം എന്നതു തന്നെയാണ് പ്രധാന ആകർഷണം.

ചെല്ലാർ കോവിൽ

തേക്കടിക്കടുത്ത കുമളിൽ നിന്നും നല്ലൊരു യാത്ര തരപ്പെടുത്തുന്ന സ്ഥലമാണ് ചെല്ലാർകോവിൽ. സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രകൃതിമനോഹരമായ കാഴ്ചകളും വെള്ളച്ചാട്ടവുമാണ് ഉള്ളത്. വീണ്ടും മുകളിലേക്കു പോയാൽ മാത്രമെ ചെല്ലാർ കോവിലിന്‍റെ ഭംഗി ആസ്വദിക്കുവാൻ കഴിയൂ. ഇവിടെ കയറിനിന്നാൽ തമിഴ്നാട്ടിലെ കൃഷിത്തോട്ടങ്ങളുടെയും ഭൂമിയുടെയം കാഴ്ചയാണ് കാണുവാൻ സാധിക്കുക.

മുരിക്കടി

തേക്കടിയിൽ നിന്നും പെട്ടന്നൊരു യാത്ര പോകുവാൻ പറ്റിയ സ്ഥലമാണ് മുരിക്കടി. ടൗണിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ കിടിലൻ കൃഷിത്തോട്ടങ്ങളുടെ കാഴ്ച നല്കുന്ന മുരിക്കടിയിലേക്ക്. എന്ത് കൃഷിയാണ് ഇവിടെയുള്ളതെന്നല്ലേ.. കുരുമുളക്, കാപ്പി, ഏലം എന്നിങ്ങനെ ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെയുണ്ട്. ഈ തോട്ടങ്ങള്‌ക്കു നടുവിലൂടെ നടക്കുവാനാണ് സഞ്ചാരികൾ എത്തുന്നത്.

ഗ്രാമ്പി

തേക്കടി യാത്രയിൽ കുറച്ച് സാഹസികത ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഗ്രാമ്പി. തണുപ്പും മഞ്ഞും മലയും കാറ്റും എല്ലാം ഇവിടെയുണ്ട്. ഇവിടേക്കുള്ള യാത്രയാണ് എടുത്തു പറയേണ്ടത്. കൊക്കയുടെ ഓരത്തുകൂടിയുള്ള യാത്ര ഒരു സമയം പേടിപ്പെടുത്തുന്നതും അതുപോലെ ത്രില്ലിങ്ങുമാണ്. തേക്കടിയില് നിന്ന് 24 കിമിയാണ് ഗ്രാമ്പിയിലേക്കുള്ള ദൂരം.

കുരിശുമല

തേക്കടിയിൽ വന്ന് ഒരുഗ്രന്‍ ട്രക്കിങ്ങാണ് ആഗ്രഹിക്കുന്നതെങ്കിൽ കുരിശുമല അതിനു പറ്റിയ സ്ഥലമാണ്. സ്പ്രിങ് വാലി മൗണ്ടൻ എന്നും അറിയപ്പെടുന്ന ഇവിടേക്ക് തേക്കടിയിൽ നിന്നും നാല് കിലോമീറ്റർ ദൂരമേയുള്ളൂ. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ രസകരമായ കാഴ്ച കുരിശുമലയുടെ മുകളിൽ നിന്നു കാണാം. സമുദ്രനിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഇതിന്റെ ഏറ്റവും മുകളിലായി സെന്‍റ് തോമസ്‌ ചര്‍ച്ച് കാണാം.

എലിഫന്‍റ് ക്യാംപ്

കുട്ടികളെയുംകൂട്ടി തേക്കടിയിൽ വരുമ്പോൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഇവിടുത്തെ ആനവച്ചൽ റോഡിൽ സ്ഥിതി ചെയ്യുന്ന എലിഫന്‍റ് ക്യാംപ് ഉള്ളത്. എന്നാൽ കുറച്ചു പൈസ ചിലവാകുന്ന കാഴ്ചയാണ് ഇവിടുത്തേത്. ആന സഫാരികളാണ് എലിഫന്‍റ് ക്യാംപിലെ ആകർഷണം. 30 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ആനപ്പുറത്ത് യാത്ര ചെയ്യുവാൻ പറ്റുന്ന സഫാരികൾ ഇവിടെയുണ്ട്. രാവിലെ 9.00 മുതല്‍ വൈകുന്നേരം 6.00 വരെയാണ് ഇതിന്‍റെ പ്രവർത്തന സമയം.

Related Articles

Latest Articles