Thursday, March 28, 2024
spot_img

മോഹന്‍ലാലിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി ശോഭനാ ജോര്‍ജ്ജ്; മോഹന്‍ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ല; നോട്ടീസിനെ നിയമപരമായി നേരിടുമെന്നും ഖാദി ബോര്‍ഡ് ഉപാധ്യക്ഷ

തിരുവനന്തപുരം: ഖാദി വിഷയത്തില്‍ നടന്‍ മോഹന്‍ലാലിന് മറുപടിയുമായി സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജ് രംഗത്ത്. മോഹന്‍ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ലെന്നാണ് ശോഭനാ ജോര്‍ജ്ജിന്‍റെ നിലപാട്. മോഹന്‍ലാലിനെ പോല ഒരു നടന്‍ അങ്ങനെ ഒരു വ്യാജപരസ്യം നല്‍കുന്നത് ഖാദി മേഖലയില്‍ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കും. ഖാദി മേഖലയുടെ തകര്‍ച്ചയ്ക്ക് തന്നെ ആ പരസ്യം ആക്കം കൂട്ടും. അതിനാലാണ് ഒരു അപേക്ഷ പോലെ നടനെ കാര്യങ്ങള്‍ ബോധിപ്പിച്ചതെന്ന് ശോഭനാജോര്‍ജ്ജ് തലസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. നടന്‍റെ വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരസ്യത്തിന് വേണ്ടി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ ശോഭന ജോര്‍ജ്ജിനെതിരെ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു.

വില കുറഞ്ഞ പ്രശസ്തിക്കായി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നും മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അന്‍പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മോഹന്‍ലാലിന്‍റെ നോട്ടീസ്.

ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പരസ്യത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ നടനും സ്ഥാപനത്തിന്‍റെ എം ഡിയും കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയായിരുന്നു ശോഭന രംഗത്തെത്തിയത്.

Related Articles

Latest Articles