Friday, April 19, 2024
spot_img

കോവിഡിന് പുതിയ വകഭേദം; തീവ്രവ്യാപന ശേഷിയെന്ന് റിപ്പോർട്ട്; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

കോവിഡിൽ ആശ്വസിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (WHO). വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കുറച്ച് സാമ്പിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അവർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നത്. B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. അതേസമയം പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വകഭേദത്തിന് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തലെന്നും ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡയഗ്നോസ്റ്റിക് ലബോറട്ടറികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും ജനസാന്ദ്രതയുള്ള ഗൗട്ടെങ്ങ് പ്രവിശ്യയിൽ ഈ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തെ മറ്റ് എട്ട് പ്രവിശ്യകളിൽ ഇതിനകം തന്നെ വൈറസ് വകഭേദം ഉണ്ടായിരിക്കാമെന്നും അവർ പറഞ്ഞു.ഏകദേശം 100 സാമ്പിളുകളിൽ B.1.1.529 വകഭേദം ഉള്ളതായി ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ബോട്സ്വാനയിലും ഹോങ്കോങ്ങിലും ഇതേ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്ത കേസ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു യാത്രികനാണ്. എന്നാൽ ഗൗട്ടെങ്ങിലെ 90 ശതമാനം പുതിയ കേസുകളും B.1.1.529 ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. വിവരങ്ങൾ പരിമിതമാണെങ്കിലും, ഞങ്ങളുടെ ശാസ്ത്രജ്ഞർ പുതിയ വകഭേദത്തെക്കുറിച്ചും, വരാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അഹോരാത്രം പ്രവർത്തിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Latest Articles