ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു; നിയമം ലംഘിക്കുന്നവര്‍ക്ക് എതിരേ കർശന നടപടി

0

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. തമിഴ്‌നാട് ഗെയിമിംഗ് ആക്ട്, 1930, ചെന്നൈ സിറ്റി പൊലീസ് ആക്ട്, 1888, തമിഴ്‌നാട് ജില്ലാ പൊലീസ് ആക്ട്, 1859 എന്നിവ ഭേദഗതി ചെയ്താണ് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. ഗവർണർ ബൻവാരിലാൽ പുരോഹിത് ഓർഡിനൻസിൽ ഒപ്പുവെച്ചു. കമ്പ്യൂട്ടറുകളും മറ്റേതെങ്കിലും ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിച്ച് സൈബർ സ്ഥലത്ത് വാതുവയ്പ്പ് നടത്തുന്നത് നിരോധിച്ചിരിക്കുന്നതായി നിയമം വ്യക്തമാക്കുന്നു.