Thursday, April 25, 2024
spot_img

പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം; ക്ഷേത്രത്തെ സമരവേദിയാക്കിയതിനെ വിമർശിച്ച് ഭക്തർ

ജോലിയിൽ നിന്നും മാറ്റിനിർത്തിയ ദിവസവേതന ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീപത്മനാഭസ്വാമിക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറെ സമരക്കാർ തടഞ്ഞു വച്ചു. സിഐടിയു നേതൃത്വം നൽകുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്ര എംപ്ലോയീസ് യൂണിയൻ പ്രവർത്തകരാണ് 5മണിക്കൂർ ഓഫീസ് മുറിയിൽ എക്സിക്യൂട്ടീവ് ഓഫീസറെ തടഞ്ഞുവച്ചത്.

ജോലിയിൽ തിരികെ പ്രവേശിക്കണം എന്ന് രേഖാമൂലം അപേക്ഷിച്ചതിനെത്തുടർന്ന് ജീവനക്കാരനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്. അതേസമയം, ക്ഷേത്രത്തെ സമരവേദിയാക്കിയതിൽ ഭക്തജനകൾക്കിടയിൽ ശക്തമായ എതിർപ്പുണ്ട്. അമ്പലനടയിൽ അല്ല പ്രതിഷേധങ്ങളും സമരങ്ങളും നടത്തേണ്ടതെന്നാണ് ഭക്തർ പറയുന്നത്.

ഹാൻഡ് ഹെൽഡ് യന്ത്രമുപയോഗിച്ച് ടിക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ഗാർഡ് കമാൻഡർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാർഡ് ശുപാർശയായി എസ് അനീഷിനോട് എക്സിക്യൂട്ടീവ് ഓഫീസർ വിശദീകരണം തേടിയിരുന്നു. എന്നാൽ അനീഷ് ഇതിന് തൃപ്തികരമായ മറുപടി നല്കാതിരുന്നതാണ് ജോലിയിൽ നിന്നും മാറ്റിനിർത്താൻ കാരണമായത്.

ശ്രീ പദ്മനാഭസ്വാമി ടെമ്പിൾ എംപ്ലോയിസ് യൂണിയൻ നേതാക്കളായ എസ് സുന്ദർ തകിടി കൃഷ്ണൻ നായർ ആർ.എസ്.വിജയ് മോഹൻ, ബാബു, രാജൻ, സി.ആർ അജയകുമാർ, കെ എസ് അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഒത്തുതീർപ്പ് ചർച്ചയിൽ ജീവനക്കാരൻ വിശദീകരണം നൽകിയാൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാം എന്ന് എക്സിക്യൂട്ടീവ് ഓഫീസർ ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Related Articles

Latest Articles