That Shweta is not me.....Swetha Menon reveals that she is not the one who got cheated

കോട്ടയം: ബാങ്ക് തട്ടിപ്പിൽ താൻ ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോൻ. ചില ദേശീയ മാധ്യമങ്ങളിൽ ഞാൻ ബാങ്ക് തട്ടിപ്പിനിരയായതായി വാർത്ത വന്നിരുന്നു. എനിക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും വാർത്തകളിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ താൻ അങ്ങനൊരു തട്ടിപ്പിന് ഇരയായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം.

മൂന്നു ദിവസത്തിനുള്ളില്‍ മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാൽപതോളം ഇടപാടുകാര്‍ക്ക് അവരവരുടെ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നാണ് വാർത്ത വന്നത്. അതിൽ നടി ശ്വേത മേനോനും ഉൾപ്പെടുന്നുവെന്നു കാണിച്ച് നടിയുടെ ചിത്രം ഉൾപ്പെടെയായാണ് ചില മാധ്യമങ്ങളിൽ വാർത്ത വന്നത്. ലഭിച്ച സന്ദേശത്തിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോൾ അക്കൗണ്ടില്‍നിന്ന് പലർക്കും ലക്ഷങ്ങള്‍ നഷ്ടമായി എന്നായിരുന്നു റിപ്പോർട്ട്. യഥാർത്ഥത്തിൽ ശ്വേത മേമൻ എന്നു പേരുളള ടി.വി താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യം മൂലം അത് നടി ശ്വേത മേനോൻ ആണെന്ന വാർത്ത വരികെയായിരുന്നു.

ഇടപാടുകാര്‍ക്ക് തട്ടിപ്പുകാര്‍ സന്ദേശം അയച്ചത് കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അവരവരുടെ ബാങ്കുകളുടേതിനു സമാനമായ വ്യാജ വെബ്‌സൈറ്റിലാണ് എത്തിയത്. തുടർന്ന് കസ്റ്റമര്‍ ഐഡി, പാസ്‌വേഡ്, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതു നല്‍കിയതിനു പിന്നാലെയാണ് നാൽപതോളം ഇടപാടുകാരുടെ അക്കൗണ്ടില്‍നിന്നു ലക്ഷങ്ങള്‍ നഷ്ടമാകുന്നത്.