Friday, March 29, 2024
spot_img

കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത; കാര്‍ഷിക വിളകളുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി കേന്ദ്രസർക്കാർ

ദില്ലി: രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസവാർത്തയുമായി കേന്ദ്രസര്‍ക്കാര്‍. ഗോതമ്പ് ഉള്‍പ്പെടെയുളള വിളകള്‍ക്ക് കേന്ദ്രം താങ്ങുവില ഉയര്‍ത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതിയാണ് താങ്ങുവില ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ഉത്പാദനച്ചിലവ് കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. മാത്രമല്ല കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളുടെ ആദായ വില ഉറപ്പുവരുത്താനും സര്‍ക്കാര്‍ നീക്കം സഹായിക്കും. കൂടാതെ ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും. മൊത്തം 11,040 കോടി രൂപയുടെ വിനിയോഗത്തോടെ, ഈ പദ്ധതി മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കര്‍ഷകര്‍ക്ക് അവരുടെ വരുമാനവും അധിക തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അതേസമയം വിളകളുടെ വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ടാണ് വിലവര്‍ധന നടപ്പാക്കുന്നത്. ഗോതമ്പിന് ക്വിന്റലിന് 40 രൂപ ഉയര്‍ത്തി 2015 രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. തുവര, റാപ്സീഡ്, കടുക് എന്നിവയ്‌ക്ക് ക്വിന്റലിന് 400 രൂപ വീതമാണ് താങ്ങുവില വര്‍ദ്ധിപ്പിച്ചത്. പയര്‍, ബാര്‍ലി, സാഫ്ഫ്ളവര്‍ എന്നിവയുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്.

പയര്‍ ക്വിന്റലിന് 130 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സാഫ്ഫ്ളവറിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ക്വിന്റലിന് 144 രൂപയുടെ വര്‍ദ്ധനയാണുള്ളത്. രാജ്യത്തെ ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വര്‍ധനയില്‍ വില നിര്‍ണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചത്. ഗോതമ്പ്, റാപ്സീഡ് & കടുക് (100% വീതം), പയര്‍ (79%), ബാര്‍ലി (60%), സാഫ്ഫ്ളവര്‍ (50%) എന്നിവയില്‍ കര്‍ഷകര്‍ക്ക് ഉല്‍പാദനച്ചെലവിനേക്കാള്‍ ആദായം കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷ.

Related Articles

Latest Articles