Thursday, March 28, 2024
spot_img

കോടിയേരിക്ക് വിട ചൊല്ലാനൊരുങ്ങി നാട്; സംസ്കാരം വൈകിട്ട് പയ്യാമ്പലം കടപ്പുറത്ത്

കണ്ണൂ‍ർ: കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഈങ്ങയിൽപ്പീടികയിലെ വിട്ടിൽ ഇപ്പോൾ പൊതുദർശനം നടക്കുകയാണ്.

വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു പോകും. തുടർന്ന് വൈകിട്ട് 3 വരെ പാർട്ടി ഓഫീസിൽ പൊതുദർശനമുണ്ടാകും.

പ്രമുഖ നേതാക്കൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. കണ്ണൂർ, തലശേരി , ധർമ്മടം, മാഹി എന്നിവിടങ്ങളിൽ കോടിയേരിയുടെ വിയോഗത്തെ തുടർന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്. വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക.

ശനിയാഴ്ച രാത്രി 8 മണിക്കായിരുന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ കോടിയേരി ബാലകൃഷ്ണന്‍റെ അന്ത്യം. അർബുദ ബാധിതനായിരുന്ന അദ്ദേഹത്തിന് മറ്റുചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,എം.വി. ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി പാർട്ടി പ്രവർത്തകരാണ് പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിക്കാൻ ആശുപത്രിയിൽ എത്തിയത്.

Related Articles

Latest Articles