Friday, April 19, 2024
spot_img

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ആസാദി കാ അമൃത് മഹോത്സവ്; ഹർ ഘർ തിരംഗക്ക് ഇന്ന് തുടക്കം

ദില്ലി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗക്ക് ഇന്ന് തുടക്കം. രാജ്യവ്യാപകമായി 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് മുതൽ സ്വാതന്ത്ര്യദിനമായ 15ാം തീയതി വരെ രാജ്യം ത്രിവർണശോഭയിൽ തിളങ്ങും. രാജ്യത്തെ വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ് ആഘോഷം അലയടിക്കും.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമാക്കുന്നത്.

ദേശീയ പതാകയുടെ ശിൽപിയായ പിങ്കലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2. അന്ന് മുതൽ 15 വരെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കാനും നിർദേശിച്ചിരുന്നു. ഹർഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പെയിനിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.

വീടുകളിൽ ദേശീയപതാക ഉയർത്തുമ്പോൾ മൂന്നുദിവസവും രാത്രി താഴ്‌ത്തേണ്ടതില്ല. ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ചാകണം ദേശീയപതാക ഉയർത്തേണ്ടത്. അതിനായുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെയാണ്:

കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി ഉപയോഗിച്ചു കൈകൊണ്ട്​ നൂൽക്കുന്നതോ യന്ത്രസഹായത്താൽ നിർമിച്ചതോ ആയ ദേശീയപതാക ഉപയോഗിക്കണം. ദേശീയപതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല.

പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. മറ്റേതെങ്കിലും പതാകക്കൊപ്പം ദേശീയപതാക ഉയർത്താൻ പാടില്ല. . ദേശീയപതാക തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാരരൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. പതാകയിൽ എഴുത്തുകൾ പാടില്ല. ഫ്ലാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക പാടില്ല.

മറ്റേതെങ്കിലും പതാക ദേശീയപതാകക്ക്​ മുകളിലോ അരികിലോ സ്ഥാപിക്കരുത്. ഫ്ലാഗ് കോഡ് നിർദേശങ്ങൾക്ക് വിരുദ്ധമായി ദേശീയപതാക കൈകാര്യം ചെയ്യുന്നവർക്കെതിരെയും ദേശീയപതാകയെ അപമാനിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു.

Related Articles

Latest Articles