Sunday, July 14, 2024
spot_img

ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുന്ന സർക്കാർ വേട്ടക്കാർക്കൊപ്പമാണ് ! സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് കെകെ രമ ; സഭയിലെത്താതെ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണെന്ന് എം എൽ എ കെ കെ രമ നിയമസഭയിൽ ആരോപിച്ചു. സർക്കാർ പ്രശ്നം ലാഘവത്തോടെ കാണുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഇതിന് ഉദാഹരണമാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് കെ കെ രമ പറഞ്ഞു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം എന്നു പറയുകയും എന്നാൽ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയുമാണ്. അതിക്രമക്കേസുകളില്‍ പ്രതികളാകുന്നവരില്‍ കൂടുതലും സിപിഎം പ്രവര്‍ത്തകരും ഇടത് അനുഭാവികളുമാണെന്ന് കെ കെ രമ ആരോപിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. ഇതില്‍ പൊലീസ് നടപടി കൂടിയുള്ളതിനാൽ മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ ഹാജരായിട്ടില്ല. ഇത് ഈ വിഷയത്തെ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന് തെളിവാണെന്ന് കെകെ രമ വിമർശിച്ചു. 2022 ല്‍ സ്ത്രീകള്‍ക്ക് നേരെ മാത്രമുള്ള അതിക്രമങ്ങള്‍ 18943 കേസുകളായിരുന്നെങ്കില്‍, 2023 ആയപ്പോള്‍ ഇത് 18950 കേസുകളായി വർധിച്ചു.

അതേസമയം, അരൂരില്‍ ദലിത് പെണ്‍കുട്ടിക്ക് നേരെ നടുറോഡില്‍ വെച്ച് അതിക്രമമുണ്ടായി. ആ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചഴിട്ട് നടുറോഡിലിട്ട് നാഭിക്ക് ചവിട്ടുകയാണുണ്ടായത്. അത്ര ക്രൂരമായ സംഭാവമുണ്ടായിട്ടും നടപടിയെടുത്തിട്ടില്ല. കാരണം ആ പ്രതികള്‍ സിപിഎമ്മുകാരാണ് എന്നതാണ് കാരണമെന്നും കെ കെ രമ പറയുന്നു. ആ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. പ്രതികള്‍ സിപിഎമ്മുകാരാണെങ്കില്‍ അവര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് കെ കെ രമ ആരോപിച്ചു. കുസാറ്റില്‍ സിന്‍ഡിക്കേറ്റ് അംഗമായ ഇടത് നേതാവായ പി ജെ ബേബി കലോത്സവ സമയത്ത് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തി. എന്നാൽ, അയാള്‍ക്കെതിരെ എന്തു നടപടിയാണുണ്ടായതെന്നും നാണിപ്പിക്കുന്നതാണ് കേരളത്തിലെ ഇത്തരം വിഷയങ്ങളെന്നും കെ കെ രമ നിയമസഭയിൽ പറഞ്ഞു.

വണ്ടിപ്പെരിയാറിലും വാളയാറിലും ആറു വർഷമായി അമ്മമാര്‍ നീതി തേടി നടക്കുകയാണ്. ആ കുട്ടികള്‍ക്ക് നീതി വാങ്ങി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ ? നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡും അതിന്റെ വിവരങ്ങളും പുറത്തു പോയി. എന്നാൽ, ആ പെണ്‍കുട്ടിയുടെ ഇച്ഛാശക്തി കൊണ്ടു മാത്രമാണ് ആ കേസ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് നാലു വര്‍ഷമായിട്ടും ഇതുവരെ പ്രസിദ്ധപ്പെടുത്തുവാന്‍ പോലും കഴിഞ്ഞില്ലെന്നും കെ കെ രമ വിമർശിച്ചു. കൂടാതെ, കാലടി ശ്രീശങ്കര കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവായ രോഹിത് പെണ്‍കുട്ടികളുടെ അശ്ലീല ചിത്രം എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. 20 ഓളം പെണ്‍കുട്ടികളുടെ ചിത്രമാണ് വൈകൃതമായ മനസ്സിനുടമയായ ഇയാള്‍ ഇത്തരത്തിൽ പ്രചരിപ്പിച്ചത്. എന്നാൽ, പരാതി നല്‍കിയിട്ടും ആ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണ് പോലീസ് ചെയ്തതെന്നും കെ കെ രമ പറയുന്നു. അതേസമയം, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് ഇത് നടക്കുന്നത്. നമ്പര്‍ വണ്‍ കേരളത്തിലാണ് ഇതെല്ലാം അരങ്ങേറുന്നത്. ഒരു കാലത്ത് എസ്എഫ്‌ഐക്കാരിയായിരുന്നു ഞാനും. അന്ന് അത് അഭിമാനത്തോടെ പറഞ്ഞിരുന്നുവെങ്കിലും ഇന്ന് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്ക് നാളെ ഞാനും എസ്എഫ്‌ഐക്കാരാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാഹചര്യമാണോ ഉള്ളതെന്നും കെ കെ രമ ചോദിച്ചു.

അതേസമയം, കെ കെ രമ അവതരിപ്പിച്ചത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ കുറിച്ചുള്ള പ്രമേയമാണ്. ഒരു നിലപാട് ഉണ്ടാകാവു എന്ന കാര്യത്തില്‍ തർക്കമില്ല. കാപ്പ കേസിൽ പ്രതിയായ ആളെ മാല ഇട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച ആളാണ് ഞങ്ങളെ നിലപാട് പഠിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു. കൂടാതെ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

Related Articles

Latest Articles