Friday, April 26, 2024
spot_img

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; മികച്ച നടിയായി അപർണ ബാലമുരളിയും നടനായി സൂര്യയും പരിഗണനയിൽ, മികച്ച ചിത്രങ്ങൾ മാലിക്കും, അയ്യപ്പനും കോശിയും ? ആകാഷയോടെ പ്രേക്ഷകർ

ദില്ലി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം. നിരവധി പുരസ്‌കാരങ്ങൾ മലയാളത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. അന്തിമ പട്ടികയിൽ ഇടം പിടിച്ച സിനിമകളെയും, ചലച്ചിത്ര പ്രവർത്തകരേയും കുറിച്ചുള്ള സൂചനകൾ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു.

മികച്ച നടിയായി അപർണ ബാലമുരളിയും നടനായി സൂര്യയും പരിഗണനയിലുണ്ട്. സുരറൈ പോട്രിലെ അഭിനയമാണ് ഇരുവരേയും അന്തിമ പട്ടികയിലെത്തിച്ചത്. താനാജിയിലെ പ്രകടനത്തിന് അജയ് ദേവ്​ഗണാണ് മികച്ച നടനുള്ള അന്തിമ പട്ടികയിലുള്ള മറ്റൊരു നടൻ. ഫഹദ് ഫാസിൽ, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും മികച്ച നടന്മാരിൽ പരിഗണിച്ചിരുന്നു. മാലിക്, ട്രാൻസ് എന്നീ സിനിമകളിലെ പ്രകടനം ഫഹദ് ഫാസിലിനെ അന്തിമ പട്ടികയിൽ എത്തിച്ചപ്പോൾ സണ്ണിയിലേയും വെള്ളത്തിലേയും അഭിനയമാണ് ജയസൂര്യയെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചത്. അയ്യപ്പനും കോശിയിലേയും പ്രകടനത്തിന് പൃഥ്വിരാജിനെയും മികച്ച നടനുള്ള പുരസ്കാരത്തിന് പരി​ഗണിച്ചിരുന്നു.

മലയാളത്തിൽ നിന്ന് 30 ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നിൽ എത്തിയത്. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്നാണ് സൂചന. ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനും, മാലിക് എന്നീ സിനിമകളുമാണ് ഈ വിഭാ​ഗത്തിലേക്ക് പരി​ഗണിക്കപ്പെടുന്ന മറ്റ് ചിത്രങ്ങൾ. അയ്യപ്പനും കോശിയിലേയും അഭിനയത്തിന് ബിജു മേനോനെ ‌മികച്ച സഹനടനുള്ള അവാർഡിനായി പരി​ഗണിക്കുന്നുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ നിരവധി പുരസ്കാരങ്ങളാണ് മലയാള ചലച്ചിത്രങ്ങൾ സ്വന്തമാക്കിയത്. പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ’ത്തിനായിരുന്നു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്കാരങ്ങളും മരക്കാര്‍ നേടിയിരുന്നു. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്‍ത ഹെലന്‍ രണ്ട് പുരസ്കാരങ്ങള്‍ നേടി. മികച്ച നവാഗത സംവിധായകനും ചമയത്തിനുമുള്ള പുരസ്കാരങ്ങളായിരുന്നു ചിത്രത്തിന്.

Related Articles

Latest Articles