Thursday, April 25, 2024
spot_img

ഫിലിപ്പൈൻസിൽ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ സജീവ അഗ്നിപർവ്വതത്തിൽ !
യാത്രക്കാരുടെക്കാര്യത്തിൽ അനിശ്ചിതത്ത്വം തുടരുന്നു !!

മനില : ഫിലിപ്പൈൻസിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ മയോൺ അഗ്നിപർവ്വതത്തിൽ രണ്ട് ഫിലിപ്പിനോ പൈലറ്റുമാരും രണ്ട് ഓസ്‌ട്രേലിയൻ യാത്രക്കാരും സഞ്ചരിച്ച ചെറുവിമാനം തകർന്നതായി രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർക്ക് മോശമായ കാലാവസ്ഥയെ തുടർന്ന് കൃത്യമായ സ്ഥലത്ത് എത്താനായിട്ടില്ലെന്നും ജീവനക്കാരുടെയും യാത്രക്കാരുടെയും അവസ്ഥ ഇതുവരെ അറിവായിട്ടില്ലെന്നും ഫിലിപ്പൈൻസ് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎപി)അറിയിച്ചു.

വിമാനത്തിന്റെ വാലറ്റം മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ബിക്കോൾ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മനിലയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സെസ്ന 340 വിമാനം കാണാതായത്. മനില ആസ്ഥാനമായുള്ള എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെതാണ് തകർന്ന വിമാനം. റിന്യൂവബിൾ എനർജി കമ്പനിയുടെ സാങ്കേതിക കൺസൾട്ടന്റുമാരായി പ്രവർത്തിക്കുന്നവരാണ് അപകടത്തിൽ കാണാതായ ആസ്ട്രേലിയൻ പൗരന്മാർ.

അഗ്നിപർവ്വതത്തിന്റെ പടിഞ്ഞാറൻ ചരിവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത് എന്നാണു റിപ്പോർട്ട്. 2,462 മീറ്റർ ഉയരമുള്ള മയോൺ അഗ്നിപർവ്വതം 2018 ലാണ് അവസാനമായി പൊട്ടിത്തെറിച്ചത്.

ജനുവരി 24-ന് വടക്കൻ പ്രവിശ്യയായ ഇസബെലയിൽ ആറുപേരുമായി പോയ മറ്റൊരു സെസ്‌ന വിമാനം കാണാതായതിന് പിന്നാലെയാണ് സെൻട്രൽ ഫിലിപ്പീൻസിൽ ഈ അപകടമുണ്ടായത്.

Related Articles

Latest Articles