Saturday, April 20, 2024
spot_img

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി(ടോറി പാര്‍ട്ടി)യുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. അതേസമയം പുതിയ ആളെ കണ്ടെത്തുന്നതുവരെ അവര്‍ പ്രധാനമന്ത്രിയായി തുടരും.

1,059 ദിവസം അധികാരത്തിലിരുന്നിട്ടും യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോവുന്നതിനുള്ള (ബ്രെക്‌സിറ്റ്) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മേ രാജി പ്രഖ്യാപിച്ചത്.

2016 ജൂണ്‍ 23ന് നടത്തിയ ഹിതപരിശോധനയില്‍ 52 ശതമാനം പേര്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തുപോവുന്നതിനെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് ബ്രെക്‌സിറ്റ് പ്രഖ്യാപിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം എങ്ങനെ ബ്രെക്‌സിറ്റ് നടപ്പാക്കണമെന്നതു സംബന്ധിച്ച്‌ യു.കെയും യൂറോപ്യന്‍ യൂനിയനും ഒരു പദ്ധതിക്കു രൂപംകൊടുത്തിരുന്നു.

എന്നാല്‍ ഈ പദ്ധതിയെ ഭരണകക്ഷിയായ ടോറി പാര്‍ട്ടിയിലെ എം.പിമാരില്‍ ചിലര്‍ എതിര്‍ക്കുകയും ചില മന്ത്രിമാര്‍ രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതിനായി മേ കൊണ്ടുവന്ന പ്രമേയം മൂന്നുതവണ പാര്‍ലമെന്റ് തള്ളുകയായിരുന്നു.

തുടര്‍ന്ന് ബ്രെക്‌സിറ്റിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ യൂറോപ്യന്‍ യൂനിയന്‍ നീട്ടിക്കൊടുത്തിട്ടുണ്ട്. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഒരുപോലെ എതിര്‍പ്പു വന്നതോടെയാണ് തെരേസ മേ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായത്.

Related Articles

Latest Articles